ദുബായ്: ഐപിഎൽ 14 -ാം സീസണിന് നാളെ യുഎഎയിൽ തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ടെസ്റ്റ് പരമ്പരയുമായി ഇംഗ്ലണ്ടിൽ നിന്നും നീണ്ട പര്യടനം കഴിഞ്ഞ് യുഎഎയിലേക്ക് ഐപിഎൽ മത്സരങ്ങൾക്കായി എത്തിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത് യുഎഇയിലെ കടുത്ത ചൂടിനെ നേരിടാൻ ചെയ്ത കാര്യം വെളിപ്പെടുത്തിയിക്കുകയാണ് ഇപ്പോൾ.
യുഎഇയിലെ ചൂടുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം ഹോട്ടൽ റൂമിന്റെ ബാൽക്കണിയിൽ ചിലവഴിച്ചു എന്നാണ് പന്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നും തിരിച്ചെത്തിയ ശേഷമുള്ള ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ സമയത്തായിരുന്നു ഇത്.
ബാൽക്കണിയിൽ കൂടുതൽ സമയം ചിലവഴിച്ചെങ്കിലും വെള്ളിയാഴ്ച ആദ്യമായി പരിശീലനത്തിന് ഇറങ്ങിയപ്പോൾ അസ്വസ്ഥത തോന്നിയിരുന്നു എന്ന് പന്ത് പറഞ്ഞു. എന്നാൽ യുഎഇ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് ഡിസി ക്യാപ്റ്റൻ വ്യക്തമാക്കി.
“ഇവിടെ നല്ല ചൂടാണ്. എന്റെ ക്വാറന്റൈൻ കാലയളവിൽ ഇവിടത്തെ സാഹചര്യങ്ങളുമായി കഴിയുന്നിടത്തോളം പൊരുത്തപ്പെടാൻ ഞാൻ ബാൽക്കണിയിൽ ഇരിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, ഇവിടെ എന്റെ ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തപ്പോൾ ഇപ്പോഴും നല്ല ചൂട് അനുഭവപ്പെട്ടു.”
“ഞാൻ ഇപ്പോൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്, 2-3 ദിവസത്തിനുള്ളിൽ ഞാൻ സാഹചര്യങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” ഡൽഹി ക്യാപിറ്റൽസ് പുറത്തിറക്കിയ പ്രസ്താവനയിൽ പന്ത് പറഞ്ഞു.
ഐപിഎൽ 14 -ാം സീസണിന്റെ ആദ്യ പകുതിയിൽ ടീം കാഴ്ചവെച്ച മികച്ച പ്രകടനം തുടരുമെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ പന്ത് പറഞ്ഞു. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
Also read: IPL 2021: ഹസാരംഗയും ചമീരയും ആർസിബിക്ക് പുതിയ മാനം നൽകി: വിരാട് കോഹ്ലി
“ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം ട്രോഫി നേടുക എന്നതാണ്, പക്ഷേ ഞങ്ങൾ ഞങ്ങളുടെ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നു.” ഐപിഎൽ 2021 സീസണിന്റെ ആദ്യ പകുതിയിൽ ഞങ്ങൾ കളിച്ചതുപോലെ കളിക്കുന്നത് തുടരാനാകുമെന്നും ഈ വർഷം ഐപിഎൽ ട്രോഫി നേടാനാകുമെന്നും പ്രതീക്ഷിക്കുന്നതായി പന്ത് പറഞ്ഞു.
ക്വാറന്റൈൻ കാലയളവ് പൂർത്തിയാക്കിയ ശേഷം സഹകളിക്കാരെ കണ്ടുമുട്ടിയതിന്റെ സന്തോഷവും പന്ത് മറച്ചു വെച്ചില്ല.” ക്വാറന്റൈനിൽ നിന്ന് പുറത്തുവന്നതിന് ശേഷം എല്ലാവരേയും കണ്ടുമുട്ടുന്നത് വളരെ സന്തോഷകരമാണ്. പരിശീലനത്തിൽ സഹകളിക്കാരെ കാണാൻ കഴിഞ്ഞതിലും വളരെ സന്തോഷം.”
സെപ്റ്റംബർ 22ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ യുഎഇയിലെ ആദ്യ മത്സരം.
The post IPL 2021: യുഎഇയിലെ ചൂട് നേരിടാൻ റിഷഭ് പന്തിന്റെ പ്രത്യേക തന്ത്രം appeared first on Indian Express Malayalam.