കാലടി> പെണ്‍വാണിഭ കേസില്‍ കെഎസ്യു നേതാവ് ഉള്‍പ്പെടെ ആറുപേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്യു പെരുമ്പാവൂര്‍ ബ്ളോക്ക് വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഇളമ്പകപ്പിള്ളി കല്ലുമലേക്കുടി നോയല്‍ (21), ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂര്‍ അകവൂര്‍ മഠത്തില്‍ ജഗന് (24), നടത്തിപ്പുകാരായ മൂക്കന്നൂര്‍ കോട്ടയ്ക്കല്‍ എബിന് (33), പയ്യന്നൂര്‍ തൈനേരി ഗോകുലത്തില്‍ ധനേഷ് (29), രായമംഗലം പറമ്പത്താന്‍ സുധീഷ് (36), മധ്യപ്രദേശ് സ്വദേശിനി(22) എന്നിവരെയാണ് പിടികൂടിയത്.
എബിന്, ജഗന് ധനേഷ്
കാലടി മറ്റൂര്‍ ജങ്ഷന് എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സി ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ ഇടപാടുകള്‍. യൂത്ത് കോണ്‍ഗ്രസിന്റെ മുടക്കുഴ പഞ്ചായത്തിലെ നേതാവാണ് നോയല്‍. സുധീഷും ധനേഷുമാണ് ലോഡ്ജ് നടത്തിപ്പുകാര്‍. 12,000 രൂപയാണ് ഇടപാടുകാരില്‍നിന്ന് വാങ്ങിയിരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളെ ഉള്‍പ്പെടെ ലോഡ്ജില്‍ എത്തിച്ച് പെണ്‍വാണിഭം നടത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് നാളുകളായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്‍സ്പെക്ടര്‍ ബി സന്തോഷ്, എസ്ഐമാരായ ജയിംസ് മാത്യു, എന്‍ വി ബാബു, എഎസ്ഐ അബ്ദുള്‍ സത്താര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.