തിരുവനന്തപുരം> മലയാളികള്‍ക്ക് അഭിമാനമായി വീണ്ടും അനിയന് മിഥുന്. അന്താരാഷ്ട്ര വുഷു ഫെഡറേഷന്റെ കീഴില്‍ നടക്കുന്ന ലോക വുഷു സണ്ട ചാമ്പ്യന്‍ഷിപ്പില്‍ മിഥുനും പങ്കെടുക്കുന്നു. കിര്‍ഗിസ്ഥാനില്‍ സെപ്റ്റംബര്‍ 23 മുതല്‍ 27 വരെയാണ് മത്സരം. 70 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അനിയന് മിഥുന് ജഴ്സിയണിയും. ഇന്ത്യന്‍ ടീമിലെ ഏക ദക്ഷിണേന്ത്യന്‍ താരം കൂടിയാണ് അനിയന് മിഥുന്. ഈ വര്‍ഷം നടന്ന അന്താരാഷ്ട്ര വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. തൃശൂര്‍ നാട്ടിക സ്വദേശിയാണ്
നേപ്പാളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 70 കിലോ കാറ്റഗറിയിലാണ് മിഥുന് മത്സരിച്ചത്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ മിഥുന്
കിക്ക് ബോസിംഗ്, വുഷു ഇനങ്ങളില്‍ ദേശീയ ചാമ്പ്യനാണ്. സംസ്ഥാന ബോക്സിങ് താരം കൂടിയാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കേയാണ് കരാട്ടെയിലൂടെ ആയോധനകലയിലേക്ക് മിഥുനെത്തുന്നത്. പിന്നീട് ബോക്സിങ് പരിശീലനവും ആരംഭിച്ചു.
തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിരവധി മത്സരങ്ങളിലും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മിഥുനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കുന്നത്.സംസ്ഥാന തലങ്ങളിലുള്ള വുഷു മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള അംഗീകൃത കോച്ചും കൂടിയാണ് . നായരുശ്ശേരി മോഹന്റേയും പൊന്നമ്മയുടേയും മകനാണ്. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായ ഗോപിക സഹോദരിയാണ്.