ദഷാൻബെ
ഭീകരവാദ–- യുദ്ധ–- മയക്കുമരുന്ന് മുക്ത അഫ്ഗാനിസ്ഥാൻ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ). മേഖലയുടെ സ്ഥിരതയ്ക്ക് സ്വതന്ത്ര, ജനാധിപത്യ അഫ്ഗാനിസ്ഥാൻ ആവശ്യമാണ്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുകയും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള സർക്കാർ രൂപീകരിക്കുകയും ചെയ്യണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. ഏത് രൂപത്തിലുമുള്ള ഭീകരവാദത്തെ ശക്തമായി എതിർക്കുന്നതായും തജികിസ്ഥാനിൽ നടന്ന ഉച്ചകോടിയുടെ അവസാനം ഇറക്കിയ സംയുക്ത പ്രസ്താവന പ്രഖ്യാപിച്ചു.
വർധിച്ചുവരുന്ന മൗലികവാദമാണ് അഫ്ഗാനിലെ പ്രശ്നങ്ങളുടെ മൂലകാരണമെന്ന് ഉച്ചകോടിയെ വെർച്വലായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൗലികവാദവും ഭീകരവാദവും ചെറുക്കാൻ എസ്സിഒ രാഷ്ട്രങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രധാനമന്ത്രി വ്ലാദിമിർ പുടിൻ എന്നിവരും അഫ്ഗാനിൽ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യമുള്ള സർക്കാർ വേണമെന്ന് ആവശ്യപ്പെട്ടു. താലിബാൻ അഫ്ഗാനിസ്ഥാന്റെ പുതിയ യാഥാർഥ്യമാണെന്നു പറഞ്ഞ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, രാജ്യത്തെ പുറത്തുനിന്ന് നിയന്ത്രിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഉച്ചകോടിയിൽ പങ്കെടുത്ത വിദേശമന്ത്രി എസ് ജയ്ശങ്കർ ഇറാൻ, അർമേനിയ, ഉസ്ബക്കിസ്ഥാൻ വിദേശമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.