കാബൂൾ
അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിനു പകരം ഇനി ‘നന്മയുടെയും തിന്മയുടെയും’ മന്ത്രാലയം. താലിബാൻ ഇടക്കാല സർക്കാരിലെ ‘സദാചാര പൊലീസിങ്ങി’നായുള്ള മന്ത്രാലയമാണിത്. മുമ്പ് സ്ത്രീകളുടെ മന്ത്രാലയത്തിന്റെ ഓഫീസായിരുന്ന കെട്ടിടത്തിലെ ബോർഡുകൾ താലിബാൻ ഇത്തരത്തിൽ മാറ്റി. ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീകളെയും പുറത്താക്കി. ആഴ്ചകളായി ഓഫീസുകളിൽ ജോലിക്കെത്തുന്നെങ്കിലും താലിബാൻകാർ ഭീഷണിപ്പെടുത്തി തിരികെ അയക്കുന്നതായും അവർ പറഞ്ഞു.
അധികാരത്തിലെ രണ്ടാമൂഴത്തിൽ സ്ത്രീകൾക്ക് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവസരം താലിബാൻ ഉറപ്പുനൽകിയിരുന്നു. എന്നാൽ, പിന്നീട് സ്ത്രീകളുടെ പ്രതിഷേധത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടു. ആക്രമണം ഭയന്ന് ജൂനിയർ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ കഴിഞ്ഞ ദിവസം പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇടക്കാല സർക്കാരിലും സ്ത്രീകളില്ല. സ്ത്രീകൾ പ്രസവിച്ചാൽ മതിയെന്നായിരുന്നു ഇതിനോട് താലിബാൻ വക്താവിന്റെ പ്രതികരണം.