തിരുവനന്തപുരം
കിഫ്ബി ഫിച്ച് ക്രെഡിറ്റ് റേറ്റിങ് നിലനിർത്തി. ‘ബിബി’ റേറ്റിങ് തുടരാൻ അർഹതയുണ്ടെന്ന് ഫിച്ച് റേറ്റിങ് ലിമിറ്റഡ് വ്യക്തമാക്കി. കിഫ്ബിയ്ക്കുള്ള സംസ്ഥാന സർക്കാർ പിന്തുണയാണ് കാരണം. കോവിഡിൽ രാജ്യങ്ങളും ധനസ്ഥാപനങ്ങളും ക്രെഡിറ്റ് റേറ്റിങ്ങിൽ താഴേക്ക് പോയപ്പോഴും കിഫ്ബിയിൽ റേറ്റിങ് നിലനിർത്തി. ഇത് കിഫ്ബിക്ക് നേട്ടമാകുമെന്നാണ് ധനമേഖലയിലെ വിദഗ്ദരുടെ വിലയിരുത്തൽ.
നിയമപരമായ പ്രത്യേക പദവി കിഫ്ബിയുടെ ധനസമാഹരണ ഉപകരണങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നു. സർക്കാരിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് കിഫ്ബിയുടെ പാത. സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം സ്വതന്ത്രവിദഗ്ധരും കിഫ്ബി ബോർഡിന്റെ ഭാഗമാണ്. ഫണ്ടിന്റെ വകമാറ്റൽ ഒഴിവാക്കാൻ ഫണ്ട് ട്രസ്റ്റീ അഡ്വൈസറി കമീഷനുണ്ട്. വായ്പാ മുതലിനും പലിശയ്ക്കും സർക്കാർ ഉറപ്പുണ്ട്. ശക്തമായ വരുമാന സ്രോതസ്സുണ്ട്.
അടിസ്ഥാന സൗകര്യ പദ്ധതികൾക്കായുള്ള പ്രത്യേക സാമ്പത്തിക സ്ഥാപനം എന്നതും കിഫ്ബിക്ക് അനുകൂല ഘടകമായി. 1999ൽ സ്ഥാപിച്ച കിഫ്ബി 2016ൽ നിയമ ഭേദഗതിയിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള വിഭവ സമാഹരണ ധനസ്ഥാപനമായി ഉയർത്തി. ലോകത്തെ മൂന്നു വലിയ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയിൽ ഒന്നായ ഫിച്ച് ന്യൂയോർക്കും ലണ്ടനും ആസ്ഥാനമായി പ്രവർത്തിക്കുന്നു. മൂഡ്സ്, സ്റ്റാൻഡേഡ്സ് ആൻഡ് പുവേഴ്സ് എന്നിവയാണ് മറ്റ് ഏജൻസികൾ.