കണ്ണൂർ
നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാർടി നിലപാട് തള്ളി മുതിർന്ന ബിജെപി നേതാവ് സി കെ പത്മനാഭൻ. കേരളത്തിൽ നർക്കോട്ടിക് ജിഹാദുണ്ടെന്ന ബിഷപ്പിന്റെ പരാമർശം ഗൗരവമായി കാണുന്നില്ല. ഇതുപോലുള്ള കാര്യങ്ങൾ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ തലയിൽ ചാർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പത്മനാഭൻ.
പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുമ്പോഴാണ് മുതിർന്ന നേതാവ് ആ നിലപാട് തള്ളി രംഗത്തെത്തിയത്. മയക്കുമരുന്ന് വലിയ സാമൂഹ്യപ്രശ്നമാണ്. അതിനെക്കുറിച്ച് പിതാവ് പള്ളിയിൽ പ്രസംഗിക്കുമ്പോൾ ജിഹാദെന്ന് കൂട്ടി പറഞ്ഞതാകാം. വാക്കുകൾ ഉപയോഗിക്കുമ്പോൾ കരുതലോടെയാകണം. ജനങ്ങളുടെ സമാധാന ജീവിതത്തിന് പോറലേൽക്കുന്ന നീക്കം ഉണ്ടാകരുത്. മതങ്ങൾ തമ്മിൽ അകലുന്നതിന് ഇടയാക്കുന്ന വിവാദമുണ്ടാക്കരുത്. ഒരു തീപ്പൊരി വീണാൽ കാട്ടുതീയാകും. അതിനിടയാക്കുന്നത് വലിയ അപകടമാണെന്നും സി കെ പത്മനാഭൻ പറഞ്ഞു.