ന്യൂഡല്ഹി > സംസ്ഥാനത്ത് പ്ലസ് വണ് പരീക്ഷ നടത്താന് സുപ്രീംകോടതി അനുമതി നല്കി. പരീക്ഷ ഓഫ്ലൈനായി നടത്താമെന്നും, സര്ക്കാര് നല്കിയ വിശദീകരണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു. കുട്ടികള്ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ പരീക്ഷ നടത്തുമെന്നും ടൈംടേബിള് പുതുക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി അറിയിച്ചു.
കോവിഡ് മാനദണ്ഡം പൂര്ണമായും പാലിച്ചാകും പരീക്ഷ. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും.
ഓണ്ലൈന് പരീക്ഷ പ്രായോഗികമല്ലെന്നും പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായും സംസ്ഥാന സര്ക്കാര് സത്യവാങ്മൂലത്തില് അറിയിച്ചിരുന്നു.
ഏപ്രിലില് എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. മൊബൈല് ഫോണ് പോലും ലഭ്യമാകാന് കഴിയാത്ത വിദ്യാര്ത്ഥികളുണ്ടെന്നും ഓണ്ലൈന് പരീക്ഷ തീരുമാനിച്ചാല് അവര്ക്ക് പരീക്ഷയെഴുതാന് കഴിയില്ലെന്നും സര്ക്കാര് സത്യവാങ്മൂലത്തില് പറഞ്ഞു.
പ്ലസ് വണ് പരീക്ഷ നടത്തിയാല് മാത്രമേ പ്ലസ് ടു കോഴ്സ് വിജയകരമായി പൂര്ത്തിയാക്കാന് വിദ്യാര്ത്ഥികള്ക്ക് സാധിക്കുകയുള്ളു. അതിനാല് എഴുത്തു പരീക്ഷ നടത്താന് അനുവദിക്കണമെന്നും സര്ക്കാര് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് ബാധിതരായ പ്ലസ് വണ് വിദ്യാര്ത്ഥികള്ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും സര്ക്കാര് സുപ്രീംകോടതിയില് ഉറപ്പ് നല്കി.