മുംബൈ: കെ.എല്‍.രാഹുല്‍ നായകന്‍ ആകാന്‍ മികവുള്ള താരമാണെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. രാഹുലിന്റെ കഴിവിനെ വളര്‍ത്തിയെടുത്ത് ഭാവിയില്‍ ഉപയോഗിക്കണമെന്നും ഗവാസ്കര്‍ നിര്‍ദേശിച്ചു.
വിരാട് കോഹ്ലി ട്വന്റി 20 നായക പദവി ഒഴിയുന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ പ്രതികരണം. കോഹ്ലിയുടെ സ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്തുമെന്നത് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.
“ഇന്ത്യ പുതിയൊരു നായകനെ തേടുകയാണെങ്കില്‍ രാഹുലിനെ പരിഗണിക്കാവുന്നതാണ്. അയാള്‍ നല്ല രീതിയില്‍ പ്രകടനം നടത്തുന്നു. ഇംഗ്ലണ്ടിലാണെങ്കിലും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐപിഎല്‍) ഏകദിനത്തിലും രാജ്യാന്തര തലത്തിലുമെല്ലാം സ്ഥിരതയുണ്ട്. അദ്ദേഹത്തെ ഉപനായകനാക്കാവുന്നതാണ്,” ഗവാസ്കര്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ നയിക്കുന്നത് രാഹുലാണ്. “ഐപിഎല്ലിൽ അദ്ദേഹം വളരെ ശ്രദ്ധേയമായ നേതൃത്വഗുണങ്ങൾ കാണിച്ചിട്ടുണ്ട്. ക്യാപ്റ്റൻസിയുടെ ഭാരം തന്റെ ബാറ്റിങ്ങിനെ ബാധിക്കാൻ അദ്ദേഹം അനുവദിച്ചിട്ടില്ല. രാഹുലിന്റെ പേരും പരിഗണിക്കാവുന്നതാണ്,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.
Also Read: ലോകകപ്പിന് ശേഷം ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി
The post കെ.എല്‍.രാഹുല്‍ നയിക്കാന്‍ കെല്‍പ്പുള്ള താരം; പരിഗണിക്കണമെന്ന് ഗവാസ്കര്‍ appeared first on Indian Express Malayalam.