മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മോഹൽലാൽ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന് വീണ്ടും റീമേക്ക്. ഇത്തവണ ഇന്തോനേഷ്യന്‍ ഭാഷയിലേക്കാണ് ദൃശ്യം റീമേക്ക് ചെയ്യപ്പെടുന്നത്.
2013ൽ പുറത്തിറങ്ങിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേക്ക് ചെയ്തിരുന്നു. ചിത്രം പുറത്തിറങ്ങി എട്ട് വർഷങ്ങൾക്ക് ശേഷമാണ് പുതിയ റീമേക്ക് ഒരുങ്ങുന്നത്. ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമാവും ഇതോടെ ദൃശ്യം. നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഇൻഡോനേഷ്യൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. ജക്കാർത്തയിലെ ‘PT Falcon’ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയിൽ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യൻ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തുകഴിഞ്ഞു.
മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണ്. മോഹൻലാൽ സർ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ദൃശ്യം’ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചു മുന്നേറുമ്പോൾ, ഈ ചിത്രം നിർമ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങൾ ഓരോരുത്തരുമായും ഈ നിമിഷത്തിൽ പങ്കു വെക്കുന്നു.