കൊച്ചി
സംസ്ഥാനത്തെ അർബൻ ബാങ്കുകളെ തകർക്കാൻ ലക്ഷ്യമിടുന്ന ബാങ്കിങ് റഗുലേഷൻ ഭേദഗതിക്കും ആർബിഐയുടെ കടുത്ത നിയന്ത്രണങ്ങൾക്കുമെതിരെ 22ന് ധർണ നടത്തുമെന്ന് കേരള അർബൻ കോ–- ഓപ്പറേറ്റീവ് ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ ടി പി ദാസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 11ന് ആർബിഐ മേഖലാ ഓഫീസിനുമുന്നിലും എല്ലാ അർബൻ ബാങ്കുകൾക്കുമുന്നിലുമാണ് സമരം.
നിഷ്ക്രിയ ആസ്തി വർധനയുടെ (എൻപിഎ) പേരിലാണ് അർബൻ ബാങ്കുകൾക്ക് ആർബിഐ നിയന്ത്രണമേർപ്പെടുത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെയോ ബോർഡ് അംഗത്തെയോ പിരിച്ചുവിടാൻ ആർബിഐക്ക് അധികാരം നൽകുന്നതാണ് ഭേദഗതി. അർബൻ ബാങ്കുകളെ സംസ്ഥാന സർക്കാരിന്റെ അനുവാദം ആവശ്യമില്ലാതെ മറ്റു ബാങ്കുകളുമായി ലയിപ്പിക്കാൻവരെ ആർബിഐക്ക് അധികാരം നൽകുന്നത് അർബൻ ബാങ്കുകളെ തകർക്കാൻ ലക്ഷ്യമിട്ടാണ്. സംസ്ഥാന വിഷയമായ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന അർബൻ ബാങ്കുകളെ റഗുലേഷൻ ആക്ടിന് കീഴിലാക്കുന്നത് ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിന് എതിരാണ്.
പ്രളയം, കൊറോണ, ഗൾഫ് പ്രതിസന്ധി ഉൾപ്പെടെയുള്ള കാരണങ്ങളാൽ അർബൻ ബാങ്കുകളിൽ നിഷ്ക്രിയ ആസ്തി വർധിച്ചു. ഇക്കാരണത്താൽ 60 ബാങ്കുകളിൽ 51ഉം സൂപ്പർവൈസറി ആക്ഷൻ ഫ്രെയിം വർക്കിൽ (എസ്എഎഫ്) ഉൾപ്പെടുത്തി. വായ്പ നൽകൽ, നിക്ഷേപങ്ങൾക്ക് നിരക്ക് നിർണയിക്കൽ, ബ്രാഞ്ച് തുറക്കൽ, മറ്റു വികസനപ്രവർത്തനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ്.
ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ ജയവർമ, ബഷീർ കൂട്ടായി, എം വി ശ്രീധരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.