കൊച്ചി
എൻജിനിയറിങ് പ്രവേശന നടപടികളുടെ സമയക്രമം അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. പ്രവേശനം പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നതിൽ എഐസിടിഇ നിലപാടറിയിച്ചില്ല. സുപ്രീംകോടതി തീരുമാനപ്രകാരമാണ് ഈമാസം 25 അവസാന തീയതിയായി നിശ്ചയിച്ചതെന്ന് എഐസിടിഇ വ്യക്തമാക്കി.
സമയം നീട്ടിനൽകുന്നതിൽ വ്യാഴാഴ്ച തീരുമാനം അറിയിക്കാൻ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിബന്ധന ഉണ്ടെന്ന് അറിയിച്ചത്. പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് മാർക്കുമാത്രമേ പരിഗണിക്കാവൂ എന്നും ഹയർസെക്കൻഡറി മാർക്ക് കണക്കിലെടുക്കരുതെന്നും ആവശ്യപ്പെട്ട് ഏതാനും വിദ്യാർഥികളും സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനും മറ്റും സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.
പ്രവേശനത്തിന് 17 വരെ മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് സമയം നൽകിയിട്ടുണ്ടന്നും സിബിഎസ്ഇ, -ഐസിഎസ്ഇ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ഈമാസം മുപ്പതോടെയെ പ്രസിദ്ധീകരിക്കൂ എന്നും എഐസിടിഇ അനുവദിച്ചാൽ പ്രവേശനസമയം നീട്ടാമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞതവണ ഡിസംബർ മുപ്പത്തൊന്നായിരുന്നു എഐസിടിയുടെ സമയപരിധിയെന്നും സർക്കാർ വ്യക്തമാക്കി.
ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാന സിലബസ് വിദ്യാർഥികൾക്ക് ഉയർന്ന മാർക്ക് നൽകിയിരിക്കുകയാണെന്നും ഇത് തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നുമാണ് ഹർജിക്കാരുടെ ആരോപണം.