ആർടിപിസിആർ ഫലം രാത്രി വൈകി ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ആശങ്ക വേണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് പെൺകുട്ടി മരിച്ചത്. തലച്ചോറിൽ ബാധിച്ച പനിയാണ് മരണത്തിലേക്ക് നയിച്ചത്.
രണ്ട് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. പെട്ടെന്നുള്ള മരണമാണ് നിപയാണോ എന്ന സംശയത്തിന് ഇടയാക്കിയത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടർന്നാണ് നിപ സംശയിച്ച് സാമ്പിൾ പരിശോധനയ്ക്ക് നൽകിയത്.
കുട്ടിക്ക് നിപ സംശയിച്ചതോടെ ശക്തമായ മുൻകരുതലാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചത്. വ്യാഴാഴ്ച ചെങ്കള പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നിർത്തിവെച്ചു. മരിച്ച കുട്ടിയുടെ വീട്ടിലും സമീപത്തെ 60 വീടുകളിലും ആരോഗ്യ വകുപ്പ് സർവ്വേ നടത്തി. പ്രദേശവുമായി അതിർത്തി പങ്കിടുന്ന കുമ്പഡാജെ, ബദിയടുക്ക പഞ്ചായത്ത് പ്രദേശങ്ങളിലും സർവ്വേ നടത്തി. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് കുട്ടിയുടെ സംസ്കാരം.