കൊച്ചി: കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം ലഭിച്ചെന്ന് ചന്ദ്രിക ദിനപത്രം സാമ്പത്തിക ക്രമക്കേട് കേസിൽഇ.ഡിക്കു മുന്നിൽ ഹാജരായതിനു പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ രേഖകൾ കൈമാറിയതായും ഇനി വരേണ്ടതുണ്ടോ എന്ന് ഇ.ഡിയാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷമുണ്ട്. ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായി. ഈ പത്രത്തെ കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും പലരും എഴുതിക്കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതൊക്കെ വളരെ നന്നായി സമയമെടുത്ത് ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നാണ് വിശ്വാസം. സാക്ഷി എന്ന നിലയ്ക്ക് ഒരു സ്റ്റേറ്റ്മെന്റ് എടുത്തു. അത്രമാത്രമേ ഉള്ളൂ. വേറൊന്നും ഇല്ല. ആവശ്യമായ എല്ലാ രേഖകളും കൊടുത്തിട്ടുണ്ട്- ഇ.ഡി. ഓഫീസിൽനിന്ന് പുറത്തെത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു.
ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ വിളിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാല് മണിയോടെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം ഹാജരായത്.
അതേസമയം, കുഞ്ഞാലിക്കുട്ടി ഇ.ഡി ഓഫീസിൽ ഹാജരായതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി കെ.ടി. ജലീൽ എത്തിയിരുന്നു. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല, ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി എന്നായിരുന്നു ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
content highlights:pk kunhalikutty responds after appearing before ed