കണ്ണൂർ > വക്കുകളിൽ ചോരപൊടിയുന്ന അക്ഷരങ്ങളാലാണ് മീനാക്ഷിടീച്ചറുടെ ജീവിതം എഴുതേണ്ടത്. സഹനങ്ങളുടെ ഉലയിൽ വെന്തുരുകിയ ജീവിതം. അഴീക്കോടൻ രാഘവന്റെ പ്രിയപത്നിയെന്ന മേൽവിലാസത്തിൽ കേരളം മീനാക്ഷിടീച്ചറെ അറിയും. കഠാരമുനകളാൽ നിലച്ചുപോയ അഴീക്കോടന്റെ ജീവിതത്തിൽ പതിനാറര വർഷം പങ്കാളി.
മാധ്യമനുണകളാൽ ജീവിതത്തിലുടനീളം വേട്ടയാടപ്പെടുകയും മരണശേഷം അതേ മാധ്യമങ്ങളാൽ ഘോഷിക്കപ്പെടുകയുംചെയ്ത അഴീക്കോടന്റെ സഹധർമിണി അവിശ്വസനീയമായ കദനങ്ങളിലൂടെ സഞ്ചരിച്ചവളാണ്. വൈധവ്യത്തിലേക്കും തീരാവേദനകളിലേക്കും എടുത്തെറിയപ്പെടുന്നതാണ് രക്തസാക്ഷികളുടെ ജീവിതപങ്കാളികളുടെ ശിഷ്ടജീവിതം. അഴീക്കോടനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ മീനാക്ഷിടീച്ചറുടെ മനസ്സിൽ ഓർമകളുടെ കടലിരമ്പും; കണ്ണീരൊഴുകും.
അഴീക്കോടന്റെ രക്തസാക്ഷിത്വത്തിനുശേഷം, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വളർത്തിവലുതാക്കിയതിന്റെ അനുഭവം കടുത്ത ജീവിതയാഥാർഥ്യങ്ങളുടേതാണ്. മാധ്യമനുണകളും കൽപ്പിതകഥകളുംകൊണ്ട് അതിരൂക്ഷമായി വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് അഴീക്കോടൻ. അദ്ദേഹത്തിന്റെ കൊട്ടാരസദൃശമായ വീടും ബാങ്ക് നിക്ഷേപവുമുണ്ടെന്നും മറ്റും മാധ്യമങ്ങൾ നിറംപിടിപ്പിച്ച് അവാസ്തവമെഴുതിയപ്പോൾ ഇത്തിരിപ്പോന്ന വാടകവീട്ടിൽ ഇല്ലായ്മകളോട് പൊരുതുകയായിരുന്നു കുടുംബം.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പ്രതിപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറുമെന്നനിലയിൽ കേരളത്തിലെങ്ങും നിറഞ്ഞുപ്രവർത്തിക്കവെയാണ് മധ്യാഹ്നസൂര്യന്റെ അസ്തമയംപോലെ അഴീക്കോടൻ കൊല്ലപ്പെടുന്നത്. 1972 സെപ്തംബർ 23ന് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ്സിറങ്ങി ചെട്ടിയങ്ങാടിയിലെ താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. കാർഷിക സർവകലാശാലയ്ക്കായി തട്ടിൽ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുപിന്നിലെ അഴിമതി ഉയർത്തിക്കൊണ്ടുവന്ന അഴീക്കോടനെ ചില ഉന്നതരുടെ പ്രേരണയിൽ ഇടതുപക്ഷ തീവ്രവാദികൾ ഇല്ലാതാക്കുകയായിരുന്നു.
അഴീക്കോടനെന്ന തൊഴിലാളിനേതാവ് കേരളത്തിന് ആരായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു തൃശൂരിൽനിന്ന് കണ്ണൂരിലേക്കുള്ള വിലാപയാത്ര. കേരളം അന്നുവരെ അത്തരമൊരു വിലാപയാത്രക്ക് സാക്ഷ്യംവഹിച്ചിട്ടില്ല. അത് നയിച്ചത് ഇ എം എസും എ കെ ജിയുമായിരുന്നു.
അപരനുവേണ്ടിയല്ലാതെ ഒരുനിമിഷംപോലും ജീവിച്ചിട്ടില്ലാത്ത മനുഷ്യനെ ഒറ്റക്കുത്തിന് ഒടുക്കിയതിനെക്കുറിച്ചോർത്ത് തേങ്ങുമ്പോഴും ജീവിതത്തെ സധൈര്യം നേരിടുകയായിരുന്നു മീനാക്ഷിടീച്ചർ. അഞ്ചു കുഞ്ഞുങ്ങളെ ചിറകോടുചേർത്ത് വളർത്തി വലുതാക്കി. തികഞ്ഞ രാഷ്ട്രീയബോധ്യമുള്ള പൊതുജീവിതമായിരുന്നു അവരുടേത്. ഇന്ത്യയുടെ പല ഭാഗങ്ങളിൽനിന്നായി അഴീക്കോടന്റെ ഭാര്യയെന്ന മേൽവിലാസം തേടിപ്പിടിച്ച് ധരാളമാളുകൾ ഈ കോവിഡ് കാലത്തും പള്ളിക്കുന്നിലെ വീട്ടിലെത്തി. എല്ലാവരെയും തികഞ്ഞ സ്നേഹത്തോടെ സ്വീകരിച്ച് വർത്തമാനം പറഞ്ഞ് യാത്രയാക്കും. ദൈനംദിന രാഷ്ട്രീയപ്രവർത്തനത്തിന്റെ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്താത്തതായിരുന്നു മീനാക്ഷിടീച്ചറുടെ ജീവിതം. എന്നാൽ, ജീവിതസർവസ്വവും പൊതുപ്രവർത്തനത്തിനായി സമർപ്പിച്ച അഴീക്കോടനോളം പ്രോജ്വലമാണത്.