കണ്ണൂര്‍ > കണ്ണൂര്‍ സര്‍വകലാശാല എം എ പൊളിറ്റിക്സ് ആന്റ് ഗവര്ണന്സ് പ്രോഗ്രാം സിലബസിലെ വിവാദ പാഠഭാഗങ്ങള്‍ പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു. 29ന് ചേരുന്ന അക്കാദമിക് കൗണ്‍സില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും വി സി പറഞ്ഞു.
വിവാദ പാഠഭാഗങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സമിതി ബുധനാഴ്ച വി സിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ആരംഭിച്ച പുതിയ കോഴ്സിന്റെ മൂന്നാം സെമസ്റ്ററില്‍ ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയിലെ പ്രമേയങ്ങള്‍ എന്ന പേപ്പറുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതാക്കളുടെ സൃഷ്ടികള്‍ സ്ഥാനം പിടിച്ചത് വിവാദമായതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. സിലബസില്‍ പോരായ്മകള്‍ ഉണ്ടായിരുന്നു എന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഈ റിപ്പോര്‍ട്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസും പരിശോധിക്കുമെന്നും വി സി പറഞ്ഞു.