കാസർകോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസിൽ പ്രതിചേർക്കപ്പെട്ട ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. രാവിലെ പതിനൊന്നരയോടെ കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ ഹാജരായ സുരേന്ദ്രനെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.
മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ബി.എസ്.പി. സ്ഥാനാർഥി കെ. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകി തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് കേസ്. ബദിയഡുക്ക പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം 171(ബി) (തിരഞ്ഞെടുപ്പ് അവകാശം തടസ്സപ്പെടുത്താൻ കൈക്കൂലി നൽകുക), 171(ഇ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.വി. രമേശനായിരുന്നു പരാതിക്കാരൻ. ജൂൺ ഏഴിന് കേസ് രജിസ്റ്റർ ചെയ്ത് മൂന്നുമാസത്തിനുശേഷമാണ് സുരേന്ദ്രനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.
കേസന്വേഷണത്തിന്റെ ഭാഗമായി കെ. സുന്ദര, അമ്മ ബേട്ജി എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്, മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഏജന്റുമാർ, യുവമോർച്ച ട്രഷററായിരുന്ന സുനിൽ നായ്ക്ക് എന്നിവരെ വിവിധ ഘട്ടങ്ങളിൽ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു.
content highlights:manjeswaram election bribery case, K Surendran appeared for questioning