തിരുവനന്തപുരം: പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നതിനെ അനുകൂലിച്ചെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിനോട് മോശം കമന്റുകളുമായി ധാരാളം പേർ എത്തുന്നുവെന്ന് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ജിഎസ്ടിയിൽ പെട്രോളിനെ ഉൾപ്പെടുത്താതിരിക്കുന്നത് കേരളത്തിന് വരുമാനം കുറയുമെന്നതുകൊണ്ടാണ്. മദ്യവും പെട്രോളിയം ഉത്പന്നങ്ങളുമല്ലാതെ കേരളത്തിന് വേറെ കാര്യമായ വരുമാനമില്ലെന്നും സംസ്ഥാനത്ത് വ്യവസായ മേഖലയെ തളർത്തിയിട്ടിരിക്കുകയാണെന്നും കൃഷ്ണകുമാർ പറയുന്നു.
ജിഎസ്ടി കൊണ്ടുവന്നാൽ സംസ്ഥാനത്തിന്റെ വരുമാനം ഇടിയുമെന്നാണ് ധനമന്ത്രി പറയുന്നത്?
സ്വാഭാവികമാണല്ലോ. ഏത് മേഖലയിലായാലും നമ്മൾ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തണം. വ്യവസായമേഖലയെ കേരളത്തിൽ തളർത്തിയിട്ടിരിക്കുകയാണ്. ശരിക്കും വ്യവസായ മേഖലയിൽനിന്ന് കേരളത്തിൽ നല്ലരീതിയിൽ വരുമാനം ലഭിക്കേണ്ടതാണ്. മദ്യവും പെട്രോളിയം ഉത്പന്നങ്ങളുമല്ലാതെ കേരളത്തിന് വേറെ കാര്യമായ വരുമാനമില്ലല്ലോ. അതല്ലെ പ്രശ്നം.
മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്താതെ മുന്നോട്ടുപോകാനാകില്ല. കേരളത്തിനെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം. ടൂറിസം തന്നെ ആലോചിച്ചു നോക്കു. സ്വകാര്യ സംരംഭകർ ഉണ്ടായിരുന്നതുകൊണ്ടല്ലെ ടൂറിസം ഇത്രയും നിന്നത്. അല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് തേങ്ങയായിരുന്നു ഉണ്ടായിരുന്നത്.
ഗൾഫ് രാജ്യങ്ങളെ നോക്കു. പെട്രോളിയം കയറ്റുമതിയാണ് അവരുടെ പ്രധാന വരുമാന മാർഗം. എല്ലാവരും പെട്രോളിതര ഊർജത്തിലേക്ക് മാറിയാൽ ഗൾഫ് രാജ്യങ്ങൾ പൂട്ടേണ്ടി വരും. അതുമുന്നിൽ കണ്ട് അവരിപ്പോഴെ ടൂറിസത്തിനെ പ്രോത്സാഹിപ്പിച്ചു തുടങ്ങി. ആൾക്കാരെ ആകർഷിക്കാനുള്ള നടപടികൾ തുടങ്ങി.
വിഎസ്എസ്സിയിലേക്ക് സാധനം കൊണ്ടുവന്നപ്പോൾ 10 ലക്ഷം നോക്കുകൂലി ചോദിച്ച നാടാണിത്. പിന്നെങ്ങനെയാണ് നാട്ടിൽ ഒരു സംരംഭകൻ വരുന്നത്. കൈയിൽ കാശുള്ള സുഹൃത്തുക്കളോട് ഇവിടെ മുതൽ മുടക്കാൻ ആരെങ്കിലും പറയുമോ. നാടൊക്കെ നമുക്ക് ഇഷ്ടമാണ്. പക്ഷെ സുഹൃത്തുക്കൾ ആത്മഹത്യ ചെയ്ത് കാണാൻ നമ്മൾക്കാഗ്രഹമുണ്ടാകില്ലല്ലോ. കേരളത്തിൽ മുതൽമുടക്കാൻ ആളുകൾ വന്നില്ലെങ്കിൽ കാര്യം കഴിഞ്ഞു. കിറ്റക്സ് ഉൾപ്പെടെയുള്ളവരെ ഓടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ജിഎസ്ടി കൊണ്ടുവന്നാലും പെട്രോളിന് വിലകുറയില്ലെന്നാണ് ചിലർ പറയുന്നത്. ഗ്യാസിന് ജിഎസ്ടിയുണ്ടെന്നും എന്നിട്ടും വില കുറയുന്നില്ലല്ലോ എന്നുമാണ് മറുപക്ഷം വാദിക്കുന്നത്?
ഞാൻ കണ്ടു. പാചകവാതകം എന്നുമുതലാണ് ജിഎസ്ടിയിൽ ഉൾപ്പെട്ടതെന്ന് എനിക്കറിയില്ല. അക്കാര്യം ഞാൻ അന്വേഷിക്കും. ജിഎസടിയുമായി ബന്ധപ്പെട്ട് എന്റെ ഫെയ്സ്ബുക്ക് കുറിപ്പിനടിയിൽ ഇത്തരം കമന്റുകൾ കണ്ടിരുന്നു. പെട്രോളിയത്തിന്റെ ഒരു ഉത്പന്നങ്ങളും ജിഎസ്ടിയിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ഇത്തരം വാദങ്ങൾ മനഃപൂർവം തെറ്റിധരിപ്പിക്കാനാണ് ഉന്നയിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. പെട്രോളിയും ആൽക്കഹോളും ജിഎസ്ടിക്ക് പുറത്താണ് ഇതുവരെ. അത് ഉൾപ്പെടുത്താൻ ഇതുവരെ സംസ്ഥാനങ്ങൾ സമ്മതിച്ചിട്ടില്ല.
ജിഎസ്ടിയിൽ ഉൾപ്പെടുത്തുകയല്ല പകരം കേന്ദ്രം ചുമത്തിയ അധിക നികുതി പിൻവലിച്ചാൽ തന്നെ പെട്രോളിന് വിലകുറയുമല്ലോയെന്നാണ് ധനകാര്യ മന്ത്രി ചോദിക്കുന്നത്?
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തി നോക്കട്ടെ, ജനത്തിന് ഉപകാരമുണ്ടെങ്കിൽ എന്തിനാണ് കേരളം അതിനെ എതിർക്കുന്നത്. കേരളത്തിന്റെ വരുമാനം കുറയും. കേരളത്തിന് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. കേന്ദ്രം വിചാരിച്ചാൽ മാത്രം നടപ്പിലാക്കാൻ പറ്റുന്നതല്ല ഇക്കാര്യം. 70 ശതമാനം സംസ്ഥാനങ്ങളും അംഗീകരിച്ചാൽ മാത്രമേ ഇക്കാര്യം നടപ്പിലാക്കാൻ സാധിക്കു.
content highlights:bjp leader krishnakumar criticize state goverment