തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവേചനമുണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിർദേശിച്ചിരിക്കുന്നത്.ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ കാർക്കശ്യത്തോടെ നേരിടാനും നിയമനടപടി സ്വീകരിക്കാനുമാണ്നിർദേശം. വിഭാഗീയതയുണ്ടാക്കുനുള്ള ഒരു ശ്രമവും അനുവദിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം
മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില കോണുകളിൽനിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് മുഖ്യമന്ത്രിയുടെ നിർദേശത്തിന് കാരണം.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങൾ ഏറ്റെടുത്ത് വർഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ നിർദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കർഷയുണ്ടാകണമെന്നും ഉന്നതതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
content Highlights: CM wants police to take strict action against hate speeches and posts