തിരുവനന്തപുരം: കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിൽ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും ഓട്ടിസം ബാധിച്ച മകൻ സനലിനും ഇനി പുതുജീവിതം. വിമലയുടെയും മകന്റെയും ജീവിത ദൈന്യത നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെ തുടർന്ന് ആനയെ ഭയന്ന് ഉയർന്നു നിൽക്കുന്ന പാറയ്ക്ക് മുകളിൽ ടാർപോളിൻ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്.
മകന്റെ ചികിൽസയും മുടങ്ങിയിരുന്നു. വൃക്കരോഗിയായതിനാലും മകനെ സംരക്ഷിക്കേണ്ടതിനാലും ജോലിക്ക് പോകാനും വിമലയ്ക്ക് സാധിച്ചിരുന്നില്ല. മാധ്യമ വാർത്ത ശ്രദ്ധിച്ച തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ വിമലക്ക് സ്ഥലവും വീടും സമയബന്ധിതമായി നൽകുന്നതിന് ഇടപെടുകയായിരുന്നു.
മന്ത്രിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം പി അജിത് കുമാർ പാറമുകളിലുള്ള വിമലയുടെ വീട് സന്ദർശിച്ചു. കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും താൽക്കാലികമായി മാറ്റി താമസിപ്പിച്ച്, പുതിയ കട്ടിലും കിടക്കയും പുതിയ വസ്ത്രങ്ങളും വാങ്ങി നൽകി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വിമലക്ക് വീട് ലഭ്യമാക്കാനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
2001ൽ വിമലക്ക് പട്ടയഭൂമി ലഭിച്ചിരുന്നുവെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാലും ഒറ്റപ്പെട്ട സ്ഥലത്തായതിനാലും അവിടെ താമസിക്കാനായില്ല. മുമ്പുണ്ടായിരുന്ന വീട് കാട്ടാന തകർത്തതിനെ തുടർന്നാണ് ഓട്ടിസം ബാധിച്ച മകനുമായി വിമല പാറപ്പുറത്ത് അഭയം തേടിയത്. രോഗാവസ്ഥയിലുള്ള മകന് ചികിൽസ ഉറപ്പാക്കുന്ന തരത്തിൽ കൂടി സംരക്ഷണം ഉറപ്പുവരുത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി.