കൊച്ചി: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട്വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് സൂചന. തുടർച്ചയായി രണ്ടാം തവണയാണ് ഇ.ഡി നോട്ടീസ് കൈപ്പറ്റിയിട്ടും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. വ്യക്തിപരമായ അസൗകര്യമാണ് ഹാജരാകാത്തതിന് കാരണമെന്നും അഭിഭാഷകൻ നേരിട്ട് ഇ.ഡി ആസ്ഥാനത്ത് എത്തി രേഖാമൂലം ഇതിനുള്ള കാരണം അറിയിക്കുമെന്നാണ് വിവരം.
ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നൽകിയിരുന്നത്. അദ്ദേഹം ഇപ്പോഴും മലപ്പുറത്താണുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പാലാരിവട്ടം മേൽപ്പാലം അഴിമതി വഴി ഇബ്രാഹിം കുഞ്ഞിന് ലഭിച്ച കള്ളപ്പണം ചന്ദ്രിക അക്കൗണ്ട് വഴി വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഈ വിഷയത്തിൽ മുയീൻ അലി തങ്ങൾ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും.
വിഷയത്തെ രാഷ്ട്രീയമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നിൽ ഹാജരാകും എന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻപ് ഈ വിഷയത്തിൽ പ്രതികരിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡൽഹിയിലെ ഉദ്യോഗസ്ഥരാണ് കള്ളപ്പണം വെളുപ്പിച്ച കേസ് അന്വേഷിക്കുന്നത്. അതേസമയം ഇ.ഡിക്ക് മുന്നിൽ ഹാജാരാകാൻ തയ്യാറാകാത്ത കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്ത് വന്നു.
ഇങ്ങനെ പോയാൽ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്നാണ് ജലീലിന്റെ പരിഹാസം. കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ഇ.ഡി വരുമ്പോൾ സമുദായത്തിന്റെ നേരെയുള്ള വെടിയുതിർക്കലായി മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യിൽ വെച്ചാൽ മതി. പശു വാല് പൊക്കുമ്പോൾ അറിയാം എന്തിനാണെന്ന് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ജലീലിന്റെ പരിഹാസം.
Content Highlights: PK Kunhalikkutty will not be present in front of ED