കാസർകോട്> നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിക്ക് രണ്ടര ലക്ഷം രൂപ കോഴ നൽകിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡിവൈഎസ്പി എ സതീഷ്കുമാറിന്റെ നേതൃത്വത്തിൽ പകൽ 11 നാണ് ചോദ്യം ചെയ്യൽ.
കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കുറ്റത്തിന് കേസെടുത്തത്. മഞ്ചേശ്വരത്ത് മത്സരിച്ച സുരേന്ദ്രന്റെ പേരുമായി സാമ്യമുള്ള സുന്ദരയുടെ നാമനിർദേശ പത്രിക പിൻവലിക്കാൻ 15 ലക്ഷം രൂപയും വീടും കർണാടകയിൽ വൈൻ ഷോപ്പും വഗ്ദാനം ചെയ്തുവെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു.
മാർച്ച് 21ന് രാവിലെ സ്വർഗ വാണിനഗറിലെ വീട്ടിലെത്തിയ ബിജെപി നേതാക്കൾ സുന്ദരയെ നിർബന്ധിച്ച് കൂട്ടികൊണ്ടുപോയി പൈവളിഗെ ജോഡ്ക്കല്ലിലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തടങ്കലിൽ വെച്ച് പത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തി. ഞായറാഴ്ച ആയതിനാൽ പത്രിക പിൻവലിക്കാനായില്ല. സുന്ദരയെ വീട്ടിലെത്തിച്ച ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി.
മാർച്ച് 22ന് കാസർകോട് താളിപ്പടുപ്പിൽ കെ സുരേന്ദ്രൻ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വെച്ചാണ് പത്രിക പിൻവലിപ്പിക്കാനുള്ള അപേക്ഷയിൽ സുന്ദരയെ കൊണ്ട് നിർബന്ധിപ്പിച്ച് ഒപ്പീടിച്ചത്. പിന്നീട് ബിജെപി നേതാക്കൾക്കൊപ്പം കാസർകോട് കലക്ടറേറ്റിലെത്തിയ സുന്ദര പത്രിക പിൻവലിച്ചു. കാഞ്ഞങ്ങാട് മുൻസിഫ് കോടതിയിൽ സുന്ദര രഹസ്യമൊഴി നൽകിയിട്ടുണ്ട്. ബിജെപി മുൻ ജില്ലാ പ്രസിഡന്റുമാരായ കെ ബാലകൃഷ്ണ ഷെട്ടി, സുരേഷ്കുമാർ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, മുളരീധര യാദവ് എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.