മലപ്പുറം
വീട് കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന യുവാവ് അറസ്റ്റിൽ. കിഴിശേരി വാണിയകോൾ വീട്ടിൽ മിസ്ഹാബി (34)നെയാണ് എക്സ്ചേഞ്ച് നടത്തിപ്പിന് ഉപയോഗിച്ച മോഡം, റൂട്ടർ, ലാപ്ടോപ്, സിം കാർഡുകൾ എന്നിവ സഹിതം പിടികൂടിയത്. കിഴിശേരിയിലെ ഇയാളുടെ വീട്ടിലും സമീപത്തെ സഹോദരിയുടെ വീട്ടിലുമായാണ് എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. എക്സ്ചേഞ്ചിന്റെ ആക്സസ് കോഡ് തിരിച്ചറിയാനായതിനാൽ സംഘത്തിനുപിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ പിടികൂടാനാകുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത്ദാസ് പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണങ്ങളുമായി മലപ്പുറം ടൗണിൽനിന്നാണ് കഴിഞ്ഞ ദിവസം മിസ്ഹാബിനെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യംചെയ്യലിൽ ടെലിഫോൺ എക്സ്ചേഞ്ചിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്. എക്സ്ചേഞ്ച് നടത്തിപ്പിൽനിന്നും മിസ്ഹാബിന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ വരുമാനമെത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും കോളുകൾ പോയിട്ടുണ്ട്.
കേരളത്തിന് പുറത്തും സമാന തട്ടിപ്പിൽ പ്രതിക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. 2019ൽ മൈസൂരുവിൽ അറസ്റ്റിലായിരുന്നു. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ കോഴിക്കോടും തൃശൂരും മലപ്പുറത്തും അറസ്റ്റിലായ സംഘവുമായി ഇയാൾക്ക് ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു.
മിസ്ഹാബിന് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ഇയാൾക്ക് സാങ്കേതിക സഹായവും സിം കാർഡ് ഉൾപ്പെടെയുള്ള അനുബന്ധ സാമഗ്രികളും നൽകിയവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശദ അന്വേഷണത്തിന് കേസ് സൈബർ പൊലീസിന് കൈമാറി. ആന്റി ടെററിസ്റ്റ് സ്ക്വാഡ് സാങ്കേതിക വിഭാഗത്തിന്റെയും ടെലി കമ്യൂണിക്കേഷൻ വിദഗ്ധരുടെയും സഹായം ടീമിന് ലഭിക്കുമെന്ന് എസ്പി പറഞ്ഞു.