കൊച്ചി
ഉത്തരക്കടലാസ് കാണാതായ വിദ്യാർഥിക്ക് പരമാവധി മാർക്ക് നൽകി ഫലം പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി കേരള സർവകലാശാലയ്ക്ക് നിർദേശം നൽകി. ഉത്തരക്കടലാസ് കാണാതായെന്നും തന്നെ തോൽപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജിലെ എംകോം വിദ്യാർഥിനി കെ എം സസ്ന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.
ഉത്തരക്കടലാസ് കാണാതായത് വിദ്യാർഥിയുടെ കുറ്റമല്ലെന്നും ഇക്കാര്യത്തിൽ കണ്ണുംപൂട്ടി ഇരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗർഭിണിയായതിനാൽ രണ്ടാംസെമസ്റ്റർ വിദ്യാർഥിനി എഴുതിയില്ല. എന്നാൽ, മറ്റു പരീക്ഷകൾ എഴുതി. തുടർന്ന് സപ്ലിമെന്ററി പരീക്ഷയും എഴുതി. ജൂലൈയിൽ ഫലം വന്നപ്പോൾ വിദ്യാർഥിനി തോറ്റതായി സർവകലാശാല പ്രഖ്യാപിച്ചു. മാർക്ക് ഷീറ്റിൽ ഒരു വിഷയത്തിന്റെ മാർക്ക് രേഖപ്പെടുത്തിയിരുന്നില്ല. കോളേജിൽനിന്ന് അയച്ച ഉത്തരക്കടലാസ് കെട്ടുകൾ കാണാതായെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞെന്ന് വിദ്യാർഥിനി ബോധിപ്പിച്ചു. ഉത്തരക്കടലാസ് കിട്ടിയില്ലെന്ന് സർവകലാശാലയും അറിയിച്ചു.
തോറ്റതായി ഫലം വന്നതിനാൽ ഈ അധ്യയനവർഷം ബിഎഡിന് ചേരാൻ കഴിയുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ബിഎഡ് പ്രവേശനത്തിനുമുമ്പ് വിദ്യാർഥിനിയെ വിജയിച്ചതായി പ്രഖ്യാപിക്കാനും കോടതി നിർദേശിച്ചു.