തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിന് എഐസിസി അനുവദിച്ച 150 കോടിയിൽ 30 കോടി രൂപ സ്ഥാനാർഥികൾക്ക് നൽകാതെ വെട്ടിച്ചെന്ന പരാതിയിൽ കോൺഗ്രസിൽ പുതിയ വിവാദം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം കർണാടകയിലെ പ്രമുഖ നേതാവ് എത്തിച്ച തുകയാണ് രണ്ട് ഉന്നതനേതാക്കളുടെ അറിവോടെ അപ്രത്യക്ഷമായത്. ഇതുസംബന്ധിച്ച് മുൻ കെപിസിസി പ്രസിഡന്റുകൂടിയായ ഉന്നതനേതാവിനോട് ഹൈക്കമാൻഡ് വിശദീകരണം തേടി. അതിനിടെ, ബാക്കി 120 കോടി എത്തിച്ചത് ബിജെപിക്കായി പണം കടത്തിയ ധർമരാജൻ ആണെന്നതും കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഏപ്രിലിലാണ് തുക എത്തിയത്. കെപിസിസി ആസ്ഥാനത്ത് പണം എത്തിക്കാനായിരുന്നു നിർദേശം. എന്നാൽ, തുക കന്റോൺമെന്റ് ഹൗസിൽ എത്തിക്കുകയായിരുന്നു. രാഹുൽ ഗാന്ധി നേരിട്ടാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വഴിയും കർണാടകം, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് യുഡിഎഫിനായി തെരഞ്ഞെടുപ്പുഫണ്ട് സമാഹരിച്ചത്. ഈ തുക പല ഘട്ടത്തിലായാണ് എത്തിച്ചത്. ഇതിൽ 30 കോടി രൂപയാണ് കർണാടകത്തിൽനിന്ന് കൊണ്ടുവന്നത്. തുക എത്തിച്ചപ്പോൾ ഉന്നതനേതാവ് ഔദ്യോഗിക വസതിയിൽ ഇല്ലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനും അന്ന് ഗ്രൂപ്പിലെ രണ്ടാമനുമായ നേതാവിനെ വിളിച്ചുവരുത്തി കൈമാറി. തെരഞ്ഞെടുപ്പിനുശേഷം ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞ ഇദ്ദേഹം പിന്നീട് നേതൃപദവിയിൽ എത്തി.
എഐസിസിയുടെ കണക്കിൽ 30 കോടിയും ഉൾപ്പെടുത്തിയെങ്കിലും വിതരണം ചെയ്തതിന്റെ വിവരം അങ്ങോട്ട് നൽകിയിട്ടില്ല. സ്ഥാനാർഥികളായിരുന്ന ചിലർ നൽകിയ പരാതിയിൽ കണക്ക് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് ഉന്നതനേതാവിനോട് വിവരം ആരാഞ്ഞെങ്കിലും താനല്ല അത് കൈകാര്യം ചെയ്തതെന്നായിരുന്നു മറുപടി. തുടർന്ന് അടുപ്പമുള്ള ചിലരോട് അദ്ദേഹം കാര്യങ്ങൾ തുറന്നുപറഞ്ഞു.
30 കോടിയുടെ വെട്ടിപ്പിൽ വാക്കാൽ നൽകിയ വിശദീകരണത്തിൽ ഹൈക്കമാൻഡ് കടുത്ത നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. തുടർന്നാണ് രേഖാമൂലം വിശദീകരണം നൽകാൻ രാഹുൽ ഗാന്ധി നിർദേശിച്ചത്.ഇതിൽ ഹൈക്കമാൻഡ് നിലപാട് കടുപ്പിക്കുന്നതും മറ്റൊരു പൊട്ടിത്തെറിക്ക് തുടക്കമാകും.