തിരുവനന്തപുരം
കോൺഗ്രസിലെ കൊഴിഞ്ഞുപോക്കിൽ നേതൃത്വത്തിനെതിരെ ഗ്രൂപ്പുകളിൽ അമർഷം പുകയുന്നതിനിടെ അഴിച്ചുപണി ചർച്ചയുമായി നേതാക്കൾ. കെ പി അനിൽകുമാർ കോൺഗ്രസ് വിട്ടതിൽ ഉമ്മൻചാണ്ടി പ്രതികരണത്തിന് വിസമ്മതിച്ചു. ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞെങ്കിലും വിട്ടുപോകുന്നത് എന്തുകൊണ്ടെന്ന് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബഹ്നാൻ എംപി തുറന്നടിച്ചു.
പുനഃസംഘടനയ്ക്ക് മാനദണ്ഡം
കെപിസിസി, ഡിസിസി പുനഃസംഘടനാ മാനദണ്ഡം നിശ്ചയിക്കാൻ ഉമ്മൻചാണ്ടി, കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ യോഗം തീരുമാനിച്ചു. അഞ്ചുവർഷം തുടർച്ചയായി ഭാരവാഹിത്വം വഹിച്ചവരെയും എംപി, എംഎൽഎ എന്നിവരെയും പരിഗണിക്കേണ്ടതില്ലെന്നാണ് ധാരണ. സ്ഥാനംപോയ ഡിസിസി പ്രസിഡന്റുമാരെ കെപിസിസി നിർവാഹക സമിതിയിലേക്ക് പരിഗണിക്കും.
രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. ഭാരവാഹിത്വത്തിലേക്ക് താൽപ്പര്യമുള്ളവരുടെ പട്ടിക നൽകാൻ ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടു. ഇരുപത്തഞ്ചിനുള്ളിൽ അടുത്തഘട്ടം ചർച്ച നടത്തും. അഞ്ചുവർഷം ഭാരവാഹിത്വം വഹിച്ചവരെ ഒഴിവാക്കുന്നതോടെ കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് രൂക്ഷമാകും.
സെമി കേഡർ എന്തെന്ന് സുധാകരനോട് *ചോദിക്കണം: എം എം ഹസ്സൻ
സെമി കേഡർ എന്നത് താൻ കേട്ടിട്ടില്ലെന്നും അതെന്താണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻതന്നെ പറഞ്ഞുതരുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. കേഡർ എന്നത് താൻ കേട്ടിട്ടുണ്ട്. സെമി കേഡർ കേട്ടിട്ടില്ല. ഇക്കാര്യം പാർടിയിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും എം എം ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.