തിരുവനന്തപുരം: സംസ്ഥാനത്ത് സിറോ പ്രിവിലൻസ് സർവേ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും സിറോ സർവേ നടക്കുന്നുണ്ട്. കുട്ടികളിലും സിറോ സർവേ നടത്തുന്നുണ്ട്. മൂന്നാം തരംഗം കൂടുതൽ ബാധിക്കുക കുട്ടികളേയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് സർവേ.
കോവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസ്സിലാക്കാൻ സർവേ സഹായിക്കുമെന്നും ഇതനുസരിച്ച് വാക്സിനേഷൻ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ നിശ്ചയിക്കുമെന്നും കൃത്യതയോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതോടൊപ്പംകോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ സംബന്ധിച്ച് അടുത്ത അവലോകനയോഗത്തിന് ശേഷം പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി. കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇളവുകൾ നൽകുന്നത്. ശനിയാഴ്ച അടുത്ത കോവിഡ് അവലോകനയോഗം ചേർന്ന ശേഷം വിവിധ മേഖലകളിൽ നിന്ന് ഇളവുകൾ സംബന്ധിച്ച് ഉയരുന്ന ആവശ്യങ്ങൾ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വാക്സിനേഷനിൽ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനസംഖ്യയിലെ 80 ശതമാനത്തിലധികം ആളുകൾക്ക് ഒന്നാം ഡോസ് നൽകി കഴിഞ്ഞു. വാക്സിനേഷനോട് വിമുഖത കാണിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്സിനെടുത്തവരും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: CM on sero srvey and lift in covid restrictions