തിരുവനന്തപുരം: നെതർലൻഡ്സ് മുൻ അംബാസഡറും മുൻരാഷ്ട്രപതി പ്രണാബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയെ ഡൽഹിയിൽ ഉന്നതപദവിയിൽ നിയമിക്കാനൊരുങ്ങി കേരള സർക്കാർ. ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള പദവിയിലാണ് നിയമനം.നിയമനത്തിന് കാബിനറ്റ് അംഗീകാരം നൽകിയതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്ന് വേണു രാജാമണി മാതൃഭൂമി ഡോട്ട് കോമിനോടു പ്രതികരിച്ചു. എവിടെയാണെങ്കിലും ഏതുസമയത്തും ജന്മനാടിനെ സേവിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ, വേണു രാജാമണിയുടെ നിയമനത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. പല രാജ്യങ്ങളുമായും ബന്ധപ്പെട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി പല രാഷ്ട്രങ്ങളുമായും അവിടുത്തെ ഭരണാധികാരികളുമായും അവിടുത്തെ അംബാസഡർമാരുമായും ബന്ധം പുലർത്തേണ്ടിവരും. സാധാരണനിലയ്ക്കുള്ള ഓഫീസർമാരുണ്ട്. എന്നാൽ വിദേശകാര്യ സർവീസിൽ ജോലി ചെയ്ത ഒരാളുടെ സേവനം കിട്ടുക എന്നത് സംസ്ഥാനത്തിന് ഗുണകരമായി വരും. അതിനാൽ വേണു രാജാമണിയെ അത്തരം കാര്യങ്ങൾക്കു വേണ്ടി ഒരു വർഷ കാലയളവിൽ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയതിനു ശേഷമേ, പദവിയെ കുറിച്ചുള്ള വിശദാംശങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് വ്യക്തമാവുകയുള്ളൂ. ഡൽഹിയിലെ ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പ്രവർത്തനത്തെ കുറിച്ച് വേണു രാജാമണിക്കുള്ള അറിവും വിദേശകാര്യമന്ത്രാലയവും വിദേശ എംബസികളുമായുള്ള ബന്ധവും ഈ പദവിയിലേക്ക് അദ്ദേഹത്തെ നിയമിക്കാൻ അനുകൂലഘടകങ്ങളായെന്നാണ് വിവരം.
content highlights:kerala government will appoint venu rajamony in senior position at delhi