തിരുവനന്തപുരം> സര്ക്കാരിന്റെ നൂറുദിന പരിപാടി കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില് ഉള്പ്പെട്ട 1000 ഗ്രാമീണ റോഡുകളുടെ നിര്മ്മാണം പൂര്ത്തിയാക്കി. ജനങ്ങള്ക്ക് നല്കിയ വാഗ്ദാനം നിറവേറ്റാന് സാധിച്ചതില് അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
140 നിയോജക മണ്ഡലങ്ങളിലായി 12,000 കിലോമീറ്റര് ദൈര്ഘ്യമുള്ള റോഡുകള് നവീകരിക്കുന്നതിനായി 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളില് 4962 പ്രവൃത്തികള്ക്ക് സാങ്കേതികാനുമതിയും നല്കി. 4819 പ്രവൃത്തികളുടെ ടെണ്ടര് നടപടികള് സ്വീകരിക്കാനും സാധിച്ചു. 4372 പ്രവൃത്തികള്ക്കാണ് കരാര് ഉടമ്പടി വെച്ചിട്ടുള്ളത്.
നൂറു ദിന പദ്ധതികളുടെ ഭാഗമായി നിര്മ്മാണം പൂര്ത്തിയാക്കിയ 92 പുതിയ സ്്കൂള് കെട്ടിടങ്ങളുടെയും 48 സ്കൂള് ലാബുകളുടെയും 3 ലൈബ്രറികളുടെയും ഉദ്ഘാടനം കഴിഞ്ഞദിവസം നിര്വ്വഹിച്ചു. അതോടൊപ്പം 107 പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും നടന്നു. പുതുതായി നിര്മ്മാണം പൂര്ത്തിയാക്കിയവയില് കിഫ്ബിയുടെ 5 കോടി രൂപ ഉപയോഗിച്ച് പണികഴിപ്പിച്ച 11 സ്കൂള് കെട്ടിടങ്ങളും 3 കോടി രൂപ ചെലവഴിച്ച് നിര്മ്മിച്ച 23 സ്കൂള് കെട്ടിടങ്ങളും ഉള്പ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 58 കെട്ടിടങ്ങള് പ്ലാന് ഫണ്ട്, എംഎല്എ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റു ഫണ്ടുകള് എന്നിവ വിനിയോഗിച്ചു പണിതവയാണ്. അങ്ങനെ 214 കോടിയോളം രൂപയാണ് മൊത്തം ചെലവഴിച്ചിരിക്കുന്നത്.
വിദ്യാലയങ്ങള് തുറക്കുമ്പോള് മികച്ച സൗകര്യങ്ങള് കുട്ടികള്ക്കായി ഒരുങ്ങുകയാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നമ്മുടെ സമൂഹത്തിന്റെ പിന്തുണ എല്ലാവരും ഉറപ്പിക്കണം എന്നും അഭ്യര്ത്ഥിക്കുന്നു.
100ദിന കര്മ്മ പദ്ധതിയുടെ ഭാഗമായി 13,534 കുടുംബങ്ങള്ക്ക് പട്ടയം വിതരണം ചെയ്തു. ആദ്യം 12000 പേര്ക്കാണ് പട്ടയം നല്കാന് തീരുമാനിച്ചത്. എന്നാല്, സാങ്കേതികത്വങ്ങള് പരമാവധി ലഘൂകരിച്ചതുവഴി തീരുമാനിച്ചതിലും അധികം പേര്ക്ക് പട്ടയം നല്കാന് സാധിച്ചു.
പാര്പ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവന് ആളുകള്ക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എല്ഡിഎഫിന്റെ നയം. സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാര് പട്ടയം നല്കിയിരുന്നു. 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയില് വിതരണം ചെയ്തത്. അത് റെക്കോര്ഡായിരുന്നു.
ഈ സര്ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വര്ഷത്തിനുള്ളില് അര്ഹരായ മുഴുവന് ആളുകള്ക്കും പട്ടയം നല്കുക എന്നതാണ്. നൂറുദിന പരിപാടിയുടെ റിവ്യൂ നടന്നിരുന്നു. 75,000 പേര്ക്ക് തൊഴില് നല്കാന് തീരുമാനിച്ചതില് 68,195 പേര്ക്ക് നല്കി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.