തിരുവനന്തപുരം: കോൺഗ്രസ് വിട്ട് നേതാക്കൾ സി.പി.എമ്മിൽ ചേരുന്നതിനിടെ ആർ.എസ്.പിയെ പരിഹസിച്ച് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.പി നേതൃത്വവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. അവർ ഇപ്പോൾ സംപൂജ്യരായിക്കഴിഞ്ഞു. കുറച്ച് കാലം കൂടി കോൺഗ്രസിൽനിന്ന് കാര്യങ്ങൾ നന്നായി പഠിക്കട്ടെ, ബാക്കി കാര്യങ്ങൾ അപ്പോൾ ആലോചിക്കാമെന്നും കോടിയേരി പറഞ്ഞു.
പാർട്ടി ശക്തികേന്ദ്രമായ കൊല്ലത്ത് ഉൾപ്പെടെ ആർ.എസ്.പി. യുഡിഎഫിൽ തുടരുന്നതിൽ അതൃപ്തിയുണ്ടല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി ജി. രതികുമാറിനെ സ്വാഗതംചെയ്ത ശേഷമായിരുന്നു പ്രതികരണം. കോൺഗ്രസിന്റെ നാശത്തിന് കാരണം അന്ധമായ സി.പി.എം. വിരോധമാണ്.കേരളത്തിൽ അത് വിലപ്പോവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.
കോൺഗ്രസിൽ അതൃപ്തരായി പാർട്ടി വിട്ടുവരുന്ന എല്ലാവരേയും സ്വീകരിക്കുകയെന്നതല്ല സി.പി.എം നയം. വരുന്ന നേതാക്കളുടെ പ്രവർത്തനശൈലി, നിലപാട് എന്നിവ പരിശോധിച്ച ശേഷമാണ് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. പാർട്ടിയുടേയും മുന്നണിയുടേയും ജനകീയ അടിത്തറ കൂടുതൽ ശക്തിപ്പെടാൻ കോൺഗ്രസ് വിട്ട് നേതാക്കൾ എത്തുന്നത് സഹായകമാകുമെന്നും കോടിയേരി പറഞ്ഞു.
പുതിയ നേതൃത്വത്തിൽ വരുന്നവരെല്ലാം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് അവകാശവാദം ഉന്നയിച്ചിട്ടുള്ളവരാണ്. മുല്ലപ്പള്ളിയും ചെന്നിത്തലയുമെല്ലാം ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു. ഉപ്പുചാക്ക് വെള്ളത്തിൽ വെച്ച അവസ്ഥയാണ് കോൺഗ്രസിനെന്നും കോടിയേരി പറഞ്ഞു.
Content Highlights: Kodiyeri Balakrishnan on rsp and congress