ലിംഗനീതി, പെൺകുട്ടികൾ, ചോദ്യങ്ങൾ…. ലീഗിന്റെ പിറവി മുതൽ നേതാക്കൾ കേൾക്കാത്തതും അല്ലെങ്കിൽ കേട്ടില്ലെന്ന് നടിക്കുന്നതുമായ കാര്യങ്ങൾ ഒരു പറ്റം പെൺകുട്ടികൾ മുന്നോട്ട് വെക്കുമ്പോൾ ലീഗിന് അതുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ഹരിതയുടെ കുട്ടികളുടെ ചിന്താധാരകളെ അഭിമുഖീകരിക്കുന്നതിലെ ആശക്കുഴപ്പത്തിനൊടുവിലാണ് കമ്മിറ്റിയെ പിരിച്ചുവിടുന്നതിലെത്തിയത്.
പാണക്കാട് കുടുംബത്തേയും പി.കെ കുഞ്ഞാലിക്കുട്ടിയേയും ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തിൽനിന്ന് ഈ പുതിയകാലത്തും ലീഗിന് മാറാൻ കഴിയുന്നില്ല എന്നയിടത്തുനിന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം ഒരു വനിതയെ നിയമസഭാ സ്ഥാനാർഥിയായി മത്സരിപ്പിച്ചത് വലിയ പുരോഗമന രാഷ്ട്രീയമായി കാണുന്ന ലീഗ് നേതൃത്വത്തോടാണ് ഹരിതയുടെ പെൺകുട്ടികൾ നീതി തേടി നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നത്.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി വന്നിട്ടും പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നേതൃനിരയിൽ എത്തി എന്നതുകൊണ്ടുമാത്രമാണ് പി.കെ നവാസ് എന്ന എം.എസ്.എഫ് നേതാവിനെ സംരക്ഷിച്ച് നിർത്തി ഹരിതയിലെ പെൺകുട്ടികളെ നേതൃത്വം ബലിയാടാക്കിയത്.
സ്ത്രീവിരുദ്ധ പരാമർശത്തിനപ്പുറം ആത്മാഭിമാനം നഷ്ടപ്പെടുന്ന രീതിയിലുള്ള വെർബൽ റേപ്പുണ്ടായിട്ട് പോലും നേതൃത്വം തിരിഞ്ഞ് നോക്കിയില്ലെന്ന സങ്കടമാണ് ഇന്ന് ആ പെൺകുട്ടികൾ പങ്കുവച്ചത്. പക്ഷെ നീതി നിഷേധിക്കപ്പെട്ടുവെന്നതിൽ ഉറച്ച് നേതൃത്വത്തിനെതിരേ നിലപാടിൽനിന്ന് അണുവിടമാറാതെ പോരാട്ടത്തിനിറങ്ങുന്നു, ഹരിതയിലെ ഒരു കൂട്ടം പെൺകുട്ടികൾ. ആരോപണവിധേയൻ കൂടുതൽ ശക്തിയോടെ നേതാവായി തുടരുകയും പരാതി പറഞ്ഞവർ പുറത്താവുകയും ചെയ്തതോടെ ലിംഗനീതിയെന്ന് വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രശ്നത്തെ അഭിമുഖീകരിക്കാൻ പോലും തയ്യാറല്ലെന്ന സൂചനയാണ് ഇപ്പോഴും ലീഗ് നേതൃത്വം നൽകുന്നത്.
ഞങ്ങൾ വിദ്യാഭ്യാസമുള്ളവരാണ്, സ്വന്തമായി ചിന്തിക്കാൻ കഴിയുന്നവരാണ് എന്ന് വിദ്യാർഥിനികൾ ഉറക്കെ പറയുന്നു. പക്ഷെ പെൺശബ്ദത്തിന് പരിധിവെക്കുമെന്നാണ് ലീഗ് നേത്വം പറയാതെ പറയുന്നത്. ശരിയെ കേൾക്കുന്നതിന് പകരം കോഴിക്കോട്ട് അങ്ങാടിയിൽ തെണ്ടിത്തിരിഞ്ഞ് നടക്കുന്നവർ, ഏതെങ്കിലും കുറച്ച് പെൺകുട്ടികൾ, പ്രസവിക്കാൻ താൽപര്യമില്ലാത്തവർ, എന്നൊക്കെ പറഞ്ഞ് ഈ പെൺകുട്ടികളെ ആക്ഷേപിക്കുമ്പോഴും പോരാട്ടത്തിന് ഫുൾസ്റ്റോപ്പിടാൻ തയ്യാറാകാതെ ഹരിതനിൽക്കുന്നു.
നേതൃത്വം കാലത്തിനൊത്ത് മാറാത്ത, ഇടുങ്ങിയ ചിന്താഗതിയെ മാറ്റിവെക്കാൻ തയ്യാറാത്ത, ആൺകോയ്മയുടെ മുന്നണിപ്പോരാളികളാണെന്ന് വാർത്താ സമ്മേളനം നടത്തി വിളിച്ച് പറയേണ്ടത് ഞങ്ങളുടെ ഗതികേടാണെന്ന് പറയുന്നു ഹരിതയിലെ പെൺകുട്ടികൾ. നിങ്ങൾ പുറത്തായില്ലേ, എത്രപേർ നിങ്ങൾക്കൊപ്പമുണ്ടാവും എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ആ സെൻസസ് എടുത്തുകൊണ്ടല്ല ഞങ്ങളുടെ മുന്നോട്ട് പോക്കെന്ന് പറയുന്നുണ്ട് നജ്മ തബ്ഷീറെയെ പോലുള്ളവർ. ഒപ്പം ഈ കാലം ഇന്നവസാനിക്കുമെന്ന് കരുതുന്നില്ലെന്ന പ്രതീക്ഷയും അവർ മുന്നോട്ടുവെക്കുന്നു.
തട്ടമിട്ട പെൺകുട്ടികൾ ആയോധനകലയുടെ പതിനെട്ടടവും പഠിച്ച് പരിചയുമായി ഉയർന്നുപൊങ്ങി മുന്നേറുന്ന കാഴ്ചയുണ്ടായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന്. അതേ മലപ്പുറത്ത് നിന്നാണ് ഹരിതയിലെ പെൺകുട്ടികൾക്ക് നേതൃത്വം കൂച്ചുവിലങ്ങിട്ടത്.
പെൺ ശബ്ദമുയരുമ്പോൾ പുറത്താക്കലെന്ന നടപടിയുമായി ലീഗ് മുന്നോട്ട് പോവുമ്പോൾ, എത്രകാലം പെൺകുട്ടികളെ മാറ്റി നിർത്തുമെന്ന ചോദ്യത്തിന് ഉത്തരം കാണാൻ ലീഗിന് ചെറുതായൊന്നും പണിയെടത്താൽ മതിയാവില്ല.
content highlights:questions raised by haritha and the gender equality that muslim league does not understand