കൊല്ലം
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല പക്ഷക്കാരെ ഒതുക്കി കെ സുധാകരൻ അനുകൂലികളെ ഭാരവാഹികളായി പ്രഖ്യാപിച്ചതോടെ എൻജിഒ അസോസിയേഷൻ പിളർപ്പിലേക്ക്. പുതിയ പട്ടിക അംഗീകരിക്കില്ലെന്ന് നിലവിലെ ജനറൽ സെക്രട്ടറി എസ് രവീന്ദ്രൻ വാർത്താക്കുറിപ്പിറക്കി. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സുധാകരവിരുദ്ധരുടെ നീക്കം. ഇതിനായി നിലവിലുള്ള ഭാരവാഹികളുടെ യോഗവും സംസ്ഥാന കൗൺസിലും ചേരും.
കെ സുധാകരൻ കെപിസിസി പ്രസിഡന്റായശേഷമുള്ള കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യത്തിന്റെ അലയൊലിയാണ് അസോസിയേഷനിലും പ്രകടമായത്. ആഗസ്ത് 12ന് തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം ചേർന്നെങ്കിലും ഗ്രൂപ്പ് തർക്കം രൂക്ഷമായതിനാൽ ഭാരവാഹികളെ തെരഞ്ഞെടുക്കാനായില്ല. തുടർന്ന് സുധാകരൻ സെപ്തംബർ ഏഴിന് വിളിച്ച യോഗവും ഭാരവാഹികളെ തീരുമാനിക്കാതെ പിരിഞ്ഞു. തിങ്കളാഴ്ച കോഴിക്കോട്ട് ചിലർ വി ഡി സതീശനെ കണ്ടപ്പോൾ സീനിയോറിറ്റി അനുസരിച്ച് ഭാരവാഹികളെ തീരുമാനിക്കാമെന്ന് ഉറപ്പുനൽകി. എന്നാൽ, രാത്രി ഭാരവാഹിപ്പട്ടിക പുറത്തിറക്കുകയായിരുന്നു. പ്രസിഡന്റായി ചവറ ജയകുമാറിനെയും ജനറൽ സെക്രട്ടറിയായി എസ് രവീന്ദ്രനെയും നിലനിർത്തിയപ്പോൾ സീനിയോറിറ്റി പ്രകാരം ട്രഷറർ ആകേണ്ട എ എം ജാഫർഖാനെ ഒഴിവാക്കി. രാജശേഖരനാണ് ട്രഷറർ. ബിജെപി ബന്ധത്തിന് പാർടി നടപടി നേരിട്ടയാളാണ് പുതിയ ട്രഷററെന്ന് ആക്ഷേപമുയർന്നു.
ഭാരവാഹികളെ നിശ്ചയിക്കാൻ കെപിസിസി ഇടപെടുന്ന പതിവില്ലെന്നിരിക്കെ സംഘടന പിടിച്ചെടുക്കാനാണ് ഇപ്പോൾ ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിച്ചതെന്ന് സുധാകരവിരുദ്ധരായ സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു.
പ്രഖ്യാപനം അംഗീകരിക്കില്ല
പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് എൻജിഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് രവീന്ദ്രൻ പറഞ്ഞു. ഭാരവാഹികൾ ആരൊക്കെയെന്ന് അറിഞ്ഞത് പത്രവാർത്തകളിലൂടെയാണ്. ആരുമായും ചർച്ച ചെയ്തല്ല പ്രഖ്യാപനം. സംസ്ഥാന കൗൺസിൽ ചേർന്നിട്ടില്ല. ഇത് ആര് തീരുമാനിച്ചെന്ന് അറിയില്ല. അസോസിയേഷനിൽ പാർടി ഇങ്ങനെ ഇടപെടുന്ന പതിവില്ലെന്നും രവീന്ദ്രൻ പറഞ്ഞു.