കോഴഞ്ചേരി
‘‘ജീവിതത്തിൽ പറ്റിയ വലിയ തെറ്റായിരുന്നു ബിജെപിയിൽ ചേർന്നത്. ഇനി ജീവനുള്ളോരു കാലം വർഗീയ പാർടിയിൽ ചേരില്ല’’. ബിജെപി-, ആർഎസ്എസ് ബന്ധം അറുത്തുമാറ്റി സിപിഐ എമ്മിനൊപ്പം എത്തിയവർക്ക് ഒരേ സ്വരം. ആർഎസ്എസ് മുൻ മണ്ഡലം കാര്യവാഹക് ജയൻ ഉൾപ്പെടെ അയിരൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 53 പേരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു രക്തഹാരം ചാർത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന മഹിളാമോർച്ച പഞ്ചായത്ത് സെക്രട്ടറി ജ്യോതി, ആർഎസ്എസ് മുൻ മുഖ്യശിക്ഷക് സുനിൽ വി നായർ തുടങ്ങിയവരാണ് സിപിഐ എമ്മുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
യോഗത്തിൽ വി പ്രസാദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, ലോക്കൽ സെക്രട്ടറിമാരായ അഡ്വ. കെ മോഹൻദാസ്, രാജൻ ഏബ്രഹാം, ഏരിയ കമ്മിറ്റി അംഗം ജി വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം സൂസൻ ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ കെ ടി സുബിൻ, പ്രഭാവതി എന്നിവർ സംസാരിച്ചു.