കോഴിക്കോട്
അമേരിക്കൻ സസ്പെൻസ് ത്രില്ലർ ഇംഗ്ലീഷ് ഫീച്ചർ ഫിലിം “സ്പോക്കൺ’ ആമസോൺ പ്രൈമിൽ ഓടുമ്പോൾ ഇങ്ങിവിടെ തിരുവമ്പാടിയിൽ കുറേ പേർ അഭിമാനത്തിലാണ്. മറ്റൊന്നുമല്ല, സിനിമയിലെ ‘ടൈലർ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തമ്പലമണ്ണ തോണിപ്പാറയിലെ ആന്റണിയുടെയും ഡെയ്സിയുടെയും മകൻ എബിനാണ്. കുട്ടിക്കാലം മുതലുള്ള കലാഭിരുചി വളർന്ന് അമേരിക്കൻ വെള്ളത്തിരയിൽ നിറയുകയാണ് ‘ഈ മലയാളിപ്പയ്യൻ’.
ടെനിൽ റാൻസം രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ നായികാ കഥാപാത്രമായ ലെനയോട് അഭിനിവേശമുള്ള സംഗീതജ്ഞനായാണ് എബിൻ അഭിനയിക്കുന്നത്. കെവിൻ സ്റ്റീവൻസൺ സംവിധാനംചെയ്ത “ബട്ടർഫ്ലൈസ്’ എന്ന ഇംഗ്ലീഷ് സിനിമയും റിലീസ് ചെയ്യാനുണ്ട്. അമേരിക്കയിൽ എൻജിനിയറായ എബിന് ഏറ്റവും പ്രിയം അഭിനയംതന്നെ.
പഠിച്ചതും വളർന്നതും ചെന്നൈയിലാണ്. വിദ്യാലയ കലാവേദികളിൽ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
എൻജിനിയറിങ് പഠനത്തിനിടയിൽ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് പടങ്ങൾക്കും കാർട്ടൂണുകൾക്കും ഡബ്ബിങ്ങും തിരക്കഥയും എഴുതിയാണ് സിനിമാലോകത്തേക്കുള്ള വരവ്. എംടെക് പഠനത്തിന് അമേരിക്കയിൽ എത്തി.
അഭിനയമോഹം പൂർത്തീകരിക്കാൻ ലോസാഞ്ചലസിലെ ന്യൂയോർക്ക് ഫിലിം അക്കാദമിയിലും പഠിച്ചു. ഓഡിഷനിൽ പങ്കെടുത്താണ് സ്പോക്കൺ സിനിമയിലെത്തിയത്. മലയാള സിനിമയിൽ അവസരം കിട്ടിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും എബിൻ പറയുന്നു.