സാവോപോളോ
ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനിലയിൽ പുരോഗതി. ശസ്ത്രക്രിയയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു പെലെ. രണ്ടുദിവസത്തിനുള്ളിൽ ഇവിടെനിന്ന് മാറ്റാമെന്നും ഉടൻ വീട്ടിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നും പെലെയുടെ മകൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആഗസ്-ത് 31നാണ് എൺപതുകാരനെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിവുപരിശോധനയ്-ക്കിടെയാണ് പെലെയുടെ വയറിൽ മുഴ കണ്ടെത്തിയത്. കഴിഞ്ഞയാഴ്-ചയായിരുന്നു ശസ്-ത്രക്രിയ. ശേഷം പെലെ എല്ലാവർക്കും നന്ദി അറിയിച്ച് കുറിപ്പുമിട്ടിരുന്നു.
ഇൻസ്റ്റഗ്രാമിൽ പെലെ ചിരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കഴിഞ്ഞദിവസം മകൾ കെലി നാസിമെന്റോയുടെ കുറിപ്പ്.
‘അദ്ദേഹം കരുത്തോടെ ഇരിക്കുന്നു. എല്ലാവർക്കും നന്ദി. അദ്ദേഹത്തിന് ഇപ്പോൾ വേദനയില്ല. വളരെയധികം സന്തോഷത്തിലാണ്. ദിവസങ്ങൾക്കുള്ളിൽ സാധാരണ മുറിയിലേക്ക് മാറ്റും. പിന്നെ വീട്ടിലേക്ക് തിരിച്ചെത്തും’– കെലി കുറിച്ചു.
2015ൽ പെലെയ്-ക്ക് ശസ്-ത്രക്രിയ നടത്തിയിരുന്നു. ആറുമാസത്തിനിടെ രണ്ടുതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. 2019ൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ അലട്ടാൻ തുടങ്ങി.















