ന്യൂഡൽഹി
ത്രിപുരയിൽ നിയമവാഴ്ച ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനും താൽപ്പര്യമില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന സർക്കാര് പിന്തുണയിൽ സിപിഐ എം ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെയുള്ള ആക്രമണപരമ്പര ചൂണ്ടിക്കാട്ടി കത്ത് നൽകി അഞ്ചുദിവസമായിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല. രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയിട്ടും പ്രതികരണമില്ല. വ്യാപക ആക്രമണമുണ്ടായിട്ടും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിശ്ശബ്ദര്. ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ടെന്നാണ് വെളിപ്പെടുന്നത്. ത്രിപുരയിൽ ബിജെപിയും കേന്ദ്ര–-സംസ്ഥാന സർക്കാരുകളും കാട്ടുന്ന ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ജനത്തെ അണിനിരത്തുന്നത് രാഷ്ട്രീയവെല്ലുവിളിയായി ഏറ്റെടുക്കുമെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ത്രിപുരയില് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമൊന്നും നടപ്പായിട്ടില്ല. ഇടതുമുന്നണി സർക്കാര് നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ നിർത്തി. പട്ടിണിമരണവും തൊഴിലില്ലായ്മയും പെരുകി. ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുന്നു. സിപിഐ എം പ്രക്ഷോഭങ്ങളിലെ വിപുല ജനപങ്കാളിത്തമാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്.
മൂന്ന് വര്ഷത്തിനിടെ ത്രിപുരയില് കൊല്ലപ്പെട്ടത് സ്ത്രീ അടക്കം 21 സിപിഐ എം പ്രവർത്തകര്. ‘ജയ് ശ്രീറാം’ വിളിച്ചാണ് അക്രമികൾ കഴിഞ്ഞ ദിവസങ്ങളിൽ കൊള്ളയും കൊള്ളിവയ്പും നടത്തിയത്. പൊലീസ് കാഴ്ചക്കാരായി. ബിജെപി ആക്രമണങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം ലഭിക്കണം. പരിക്കേറ്റവർക്ക് ചികിത്സാസഹായം നൽകണം. കള്ളക്കേസുകൾ പിൻവലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പിബി അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ, കേന്ദ്ര കമ്മിറ്റി അംഗം ജിതേന്ദ്ര ചൗധരി എന്നിവരും പങ്കെടുത്തു.