കോപന്ഹേഗന് > നോര്വേ തെരഞ്ഞെടുപ്പില് ലേബര് പാര്ടി നേതൃത്വത്തില് ഇടതുപക്ഷ സര്ക്കാര് അധികാരത്തിലേക്ക്. സോഷ്യലിസ്റ്റ് ലെഫ്റ്റ്, സെന്റര് പാര്ടി എന്നിവയുമായി ലേബര് പാര്ടി സഖ്യ ചര്ച്ചകള്ക്ക് തുടക്കമിട്ടു. അറുപത്തൊന്നുകാരനായ ലേബര് പാര്ടി നേതാവ് ജോനാസ് ഗാര് സ്റ്റോയര് പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോര്ട്ട്. എട്ട് വര്ഷമായി ഭരിക്കുന്ന കണ്സര്വേറ്റീവ് പാര്ടിക്ക് കനത്ത പരാജയം.
വോട്ടെണ്ണല് പൂര്ത്തിയായപ്പോള് ലേബര് പാര്ടിക്ക് 48 സീറ്റും സെന്റര് പാടിക്ക് 28ഉം സോഷ്യലിസ്റ്റ് ലെഫ്റ്റിന് 13ഉം സീറ്റാണുള്ളത്. 169 അംഗ പാര്ലമെന്റില് (സ്റ്റോര്ട്ടിങ്) ഭൂരിപക്ഷം നേടാന് 84 സീറ്റ് മതിയെന്നിരിക്കെ സഖ്യത്തിന് 89 സീറ്റുണ്ട്. കമ്യൂണിസ്റ്റ് പാര്ടിയായ റെഡ്ഡിന് ഏഴ് സീറ്റ് വര്ധിച്ച് എട്ടായി. ഗ്രീന് പാര്ടിക്ക് രണ്ട് കൂടി മൂന്നായി. പ്രധാനമന്ത്രി എര്ണ സോള്ബെര്ഗിന്റെ കണ്സര്വേറ്റീവ് പാര്ടി ഒമ്പത് സീറ്റ് നഷ്ടപ്പെട്ട് 36ല് ഒതുങ്ങി.
സെന്റര് പാര്ടി നേതാവ് ട്രിഗി സ്ലാഗവോള്ഡ് വെഡവുമായി ചര്ച്ചയ്ക്കുശേഷം ജോനാസ് ഗാര് മാധ്യമങ്ങളെ കാണും. സോള്ബെര്ഗും വാര്ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇരു കക്ഷി സര്ക്കാര് എന്ന നിര്ദേശമാണ് സെന്റര് പാര്ടി മുന്നോട്ടുവയ്ക്കുന്നതെന്നും റിപ്പോര്ട്ടുണ്ട്.
മുന് സര്ക്കാര് ഉദ്യോഗസ്ഥനായ ജോനാസ് ഗാര്, 2005- 2013ല് വിദേശമന്ത്രിയായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജെന്സ് സ്റ്റോള്ട്ടന്ബര്ഗ് നാറ്റോ സെക്രട്ടറി ജനറലായപ്പോള് പാര്ടിയുടെ കടിഞ്ഞാണ് ഏറ്റെടുത്തു.