കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരേ വനിതാ കമ്മീഷനിൽ വരെ പരാതിയെത്തിയതിന് പിന്നാലെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരേയുള്ള പുറത്താക്കൽ നടപടി ലീഗ് ഒരുമുഴം മുന്നെയെറിഞ്ഞ ആയുധമെന്ന് വിലയിരുത്തൽ. ആരോപണമുന്നയിച്ച ഹരിത നേതാക്കളുടെ പരാതി കേൾക്കാത്ത പാർട്ടി നേതൃത്വത്തിനെതിരേ ഫാത്തിമ വാർത്താസമ്മേളനം നടത്തി പ്രതിഷേധിച്ചിരുന്നു. മിണ്ടാതിരിക്കുന്നത് അധിക്ഷേപിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ഫാത്തിയ അന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. പക്ഷെ ഇത് അച്ചടക്ക ലംഘനമായിട്ടാണ് പാർട്ടി കണ്ടത്. ഇതിന് പിന്നാലെ ആരോപണ വിധേയനായ എം.എസ്.എഫ് സംസ്ഥാന നേതാക്കളോട് വിശദീകരണവും ഹരിത കമ്മിറ്റിയെ മരവിപ്പിക്കുകയും ചെയ്തായിരുന്നു ലീഗിന്റെ നടപടി. ശേഷം ആരോപണമുന്നയിച്ച ഹരിത കമ്മിറ്റിയെ പിരിച്ച് വിട്ടതിനൊപ്പം ഫാത്തിമ തഹ്ലിയക്കെതിരേയും നടപടിയെടുക്കുന്നതിലേക്കാണ് ലീഗ് നേതൃത്വം പോയത്. ഹരിതയുടെ ആദ്യ സംസ്ഥാന ജറൽ സെക്രട്ടറി കൂടിയായിരുന്നു ഫാത്തിമ തഹ്ലിയ.
ഹരിതയുടെ പുതിയ കമ്മിറ്റി വന്നതിന് പിന്നാലെ ഇത്രപെട്ടെന്നുള്ള പാർട്ടി നടപടി ഫാത്തിമയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തിടുക്കത്തിൽ നടപടിയെടുത്തതിന് പിന്നിൽ സിപിഎം നീക്കങ്ങളും കാരണമായെന്ന് വിലയിരുത്തൽ. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാൻ സിപിഎം ഒരുങ്ങുന്നുവെന്ന അഭ്യൂഹമാണ് നടപടി വേഗത്തിലാക്കിയതെന്നാണ് പറയപ്പെടുന്നത്. അച്ചടക്ക ലംഘനം മാത്രമല്ല, ഫാത്തിമ തഹ്ലിയയുടെ രാഷ്ട്രീയ നീക്കങ്ങൾക്കുള്ള പ്രതിരോധം കൂടിയായിട്ടാണ് ഈ നടപടിയെ വിലയിരുത്തുന്നത്.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി വാഗ്ദാനവുമായി സിപിഎം ഫാത്തിമയെ സമീപിച്ചതായി വാർത്തകളുണ്ടായിരുന്നു. അന്ന് അത് നിരസിച്ച ഫാത്തിമ, നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ നിന്ന് സ്ഥാനാർഥിത്വം പ്രതീക്ഷിച്ചതാണ്. പക്ഷേ, വനിത ലീഗിനെ ദീർഘകാലം നയിച്ച നൂർബിന റഷീദിനെയാണ് നേതൃത്വം പരിഗണിച്ചത്. ഹരിത വിവാദത്തിൽ മുസ്ലീം ലീഗ് അന്തിമ തീരുമാനത്തിലേക്ക് പോയിട്ടും ഫാത്തിമ തഹ്ലിയ പരസ്യ പ്രതികരണം നടത്തിയത് സ്വാഭാവികമായ ഒന്നായി മുസ്ലീം ലീഗ് കാണുന്നില്ല.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഫാത്തിമ സിപിഎം സ്ഥാനാർഥി ആയേക്കുമെന്ന അഭ്യൂഹം രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. കാനത്തിൽ ജമീല നിയമസഭാംഗമായതിനാലാണ് നന്മണ്ട ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്ത്രീപക്ഷരാഷ്ട്രീയമുയർത്തി കടന്നുവരുന്ന ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കുന്നതിലൂടെ മുസ്ലീം ലീഗിന് രാഷ്ട്രീയ തിരിച്ചടി നൽകാനും സാധിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പദവികളിൽ സിപിഎം പിന്തുടരുന്ന മത- സാമുദായിക പരിഗണനകളും ഫാത്തിമയ്ക്ക് അനുകൂലമാണ്.