തിരുവനന്തപുരം: സംഘടനാ പ്രശ്നങ്ങൾ മാത്രമല്ല കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിലെ പ്രശ്നങ്ങൾ കൊണ്ടുകൂടിയാണ് കെപിസിസി സെക്രട്ടറി അനിൽകുമാർ പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നതെന്ന് സിപിഎംമുൻസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അനിൽ കുമാറിനെ സന്തോഷപൂർവം പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും എകെജി സെന്ററിൽ അനിൽകുമാറിനെ സ്വീകരിച്ചുകൊണ്ടു നടത്തിയവാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
കെപിസിസിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റപ്പോൾ പറഞ്ഞത് കോൺഗ്രസിൽ നിന്ന് ഇനി ഒരാളും പുറത്തുപോകില്ലെന്നാണ്. എന്നാൽ കോൺഗ്രസിൽ നിന്ന് നേതാക്കളുടെ ഉരുൾപ്പെട്ടലാണിപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമാണ് കെപിസിസി ഓഫീസിന്റെ താക്കോൽ വരെ സൂക്ഷിച്ച സംഘടനാ സെക്രട്ടറി തന്നെ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയതെന്നും കോടിയേരി പറഞ്ഞു.
അനിൽകുമാർ വന്നത് പ്രലോഭനങ്ങളൊന്നുമില്ലാതെയാണ്. സിപിഎമ്മിൽ അർഹമായ പരിഗണന എല്ലാവർക്കും ലഭിക്കും. സിപിഎമ്മിനെ അംഗീകരിക്കാൻ തയ്യാറുള്ളവർക്ക് പാർട്ടി എല്ലാവിധ പിന്തുണയും നൽകും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് കേരളത്തിന്റെ ഭാവിയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് ഇത്തരത്തിലുള്ള മാറ്റങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയിലെ പ്രതീക്ഷ കോൺഗ്രസ് അണികൾക്ക് നഷ്ടപ്പെട്ടു. ദേശീയതലത്തിലും കോൺഗ്രസിൽ തമ്മിലടിയും പ്രശ്നങ്ങളുമാണ്. സംസ്ഥാന കോൺഗ്രസിലും ഗുരുതരമായ പ്രശ്നങ്ങളാണുള്ളത്. കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
കോൺഗ്രസിലെ സെമി കേഡർ സംവിധാനം എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. കേഡർ പാർട്ടി എന്ന് പറഞ്ഞതുകൊണ്ട് മാത്രം കേഡർ പാർട്ടിയാകില്ല. ഇതിനാവശ്യമായ പ്രത്യയശാസ്ത്രം, സംഘടനാ സംവിധാനം എന്നിവ വേണം. കോൺഗ്രസിന്റെ ഭരണഘടന തന്നെ കേഡർ സംവിധാനത്തിന് സഹായകരമല്ല. കോൺഗ്രസ് പറയുന്നതെന്താണെന്ന് അവരുടെ അണികൾക്ക് തന്നെ അറിയാത്ത സ്ഥിതിയാണ്.-കോടിയേരി പരിഹസിച്ചു.
content highlights:kodiyeri balakrishan comments against congress