കൊച്ചി: നേതാക്കൾക്കും പ്രവർത്തകർക്കും മുന്നിൽ വായനയുടെ ലോകം തുറന്നിടാൻ കോൺഗ്രസ്. പാർട്ടി അടിമുടി മാറുന്നതിന്റെ ഭാഗമായാണ് കോൺഗ്രസുകാരെ കൊണ്ട് പുസ്തകം വായിപ്പിക്കാനുള്ള തീരുമാനവും വന്നിരിക്കുന്നത്. ഡി.സി.സി. ഓഫീസിൽ ഇതിനായി വലിയ ലൈബ്രറി തന്നെ തുറക്കും. പാർട്ടി മുൻകൈയെടുത്ത് പുസ്തക ചർച്ചകൾ സംഘടിപ്പിക്കും.
പാർട്ടി യോഗങ്ങൾക്ക് മുമ്പ് അര മണിക്കൂർ സമയം ഏതെങ്കിലും ഒരു പ്രധാന പുസ്തകത്തെക്കുറിച്ച് ചർച്ച സംഘടിപ്പിക്കും. പ്രമുഖരായ എഴുത്തുകാരുമായി സംവാദങ്ങൾ സംഘടിപ്പിക്കും. വായിക്കാൻ നേരമില്ലാത്തവർക്ക് കേട്ടറിവെങ്കിലും ഉണ്ടാവട്ടെ എന്ന ലക്ഷ്യത്തോടെയാണ് യോഗങ്ങൾക്കു മുമ്പ് ഇത്തരമൊരു പരിപാടിയെക്കുറിച്ച് ആലോചിക്കുന്നത്.
എഴുത്തുകാരുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയുമെല്ലാം സഹകരണത്തോടെയാണ് ഡി.സി.സി. ഓഫീസിൽ ലൈബ്രറി ആരംഭിക്കുന്നത്. പാലിയേറ്റീവ് കെയർ രംഗത്തും പാർട്ടി ശക്തമായി ഇടപെടും. അതിനായി പ്രത്യേക ട്രസ്റ്റ് ഉണ്ടാക്കും. ജില്ലയിലെ മുതിർന്ന നേതാക്കൾക്കായിരിക്കും അതിന്റെ ചുമതല.
പുതിയ കാലത്തിനനുസരിച്ച് പ്രവർത്തനം മാറ്റുന്നതിന്റെ ഭാഗമായി ഡി.സി.സി. ഓഫീസിൽ ഡിജിറ്റൽ സ്റ്റുഡിയോ ആരംഭിക്കാനും ആലോചനയുണ്ട്. പ്രധാന വിഷയങ്ങളിൽ നേതാക്കളുടെ പ്രതികരണവും പ്രമുഖരുമായുള്ള സംവാദങ്ങളുമെല്ലാം നവ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണിത്.
താഴെതട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബൂത്തുകൾക്കു കീഴിൽ മൈക്രോ കുടുംബ യൂണിറ്റുകൾ ഉണ്ടാക്കും. മറ്റ് ചുമതലകളൊന്നും ഇല്ലാത്ത മൂന്നു പ്രവർത്തകർക്കായിരിക്കും ഇതിന്റെ ചുമതല. മുപ്പത് വീടുകൾക്ക് ഒരു യൂണിറ്റായിരിക്കും. ചുമതലക്കാരിൽ ഒരാൾ വനിതയായിരിക്കും.ഡി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ ശേഷം മുഹമ്മദ് ഷിയാസിന്റെ സാന്നിധ്യത്തിൽ ചേർന്ന പ്രഥമ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എം.പി., എം.എൽ.എ.മാർ., കെ.പി.സി.സി. ഭാരവാഹികൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Content Highlights: Congress to improve reading habits in leaders