കോഴിക്കോട്: കടലിലെ അമിതമായ മീൻപിടിത്തം സ്രാവുകളും തിരണ്ടികളും ഉൾപ്പെടുന്ന മൂന്നിലൊന്ന് തരുണാസ്ഥി മത്സ്യങ്ങളുടെയും നിലനിൽപ്പ് അപകടത്തിലാക്കിയതായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ.) റെഡ് ലിസ്റ്റ് അവലോകനത്തിൽ വിലയിരുത്തൽ. ഇന്ത്യൻ മഹാസമുദ്രത്തിലും സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യൻ തീരത്തുണ്ടായിരുന്ന പോണ്ടിച്ചേരി സ്രാവിന് വംശനാശം സംഭവിച്ചതായും കറന്റ് ബയോളജിയിൽ പ്രസിദ്ധികരിച്ച റിപ്പോർട്ട് സംശയിക്കുന്നു.
തരുണാസ്ഥിയുള്ള കോൺഡ്രിക്തൈസ് വിഭാഗത്തിലെ 1199 ഇനങ്ങളിൽ 288 ഇനം (24 ശതമാനം) മത്സ്യങ്ങളാണ് 2014-ൽ നടന്ന അവലോകനത്തിൽ ഭീഷണിയിലാണെന്ന് കണ്ടെത്തിയിരുന്നത്. എന്നാൽ 2021-ൽ അത് 391 ഇനങ്ങളായി (32.6 ശതമാനം) ഉയർന്നു. വേണ്ടത്ര ഡേറ്റ ലഭ്യമല്ലാത്ത സ്പീഷിസുകളെക്കൂടി ഉൾപ്പെടുത്തിയാൽ ഇത് 37.5 ശതമാനമായി ഉയരും.
നാല് സ്പീഷിസുകൾ വംശനാശത്തിന്റെ വക്കിലാണെന്ന് (ക്രിട്ടിക്കലി എൻഡേഞ്ചേർഡ്) റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. ലോസ്റ്റ് ഷാർക്, ജാവ സ്റ്റിൻഗരി, റെഡ് സീ ടോർപിഡൊ, പോണ്ടിച്ചേരി ഷാർക്ക് എന്നിവക്കാണ് വംശനാശം സംഭവിച്ചതായി സംശയിക്കുന്നത്. ആദ്യ മൂന്നിനത്തെയും ഒരു നൂറ്റാണ്ടിലേറെയായും പോണ്ടിച്ചേരി സ്രാവിനെ മുപ്പത് വർഷമായും എവിടെയും കണ്ടിട്ടില്ല. വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഇവ കാണപ്പെട്ടിരുന്നത്. ഇന്ത്യൻ സമുദ്രത്തിലുണ്ടായിരുന്ന ടെൻടാക്കിൾഡ് ബട്ടർഫ്ലൈറേ, ഇന്ത്യൻ ഷാർപ്പ് നോസ് റേ, ഗംഗയിൽ കാണപ്പെട്ടിരുന്ന ഗംഗസ് ഷാർക്ക് എന്നിവക്ക് പ്രാദേശികമായി വംശനാശം സംഭവിച്ചു.
അമിതമായ മത്സ്യബന്ധനമാണ് 67.3 ശതമാനം മത്സ്യങ്ങളുടെയും നിലനിൽപ്പ് അപകടത്തിലാക്കുന്നത്. ആവാസവ്യവസ്ഥയുടെ നാശം (31.2 ശതമാനം), കാലാവസ്ഥാ വ്യതിയാനം (10.2 ), മലിനീകരണം (6.9) എന്നിങ്ങനെയാണ് മറ്റുകാരണങ്ങൾ.
കടലിലെ ജൈവവൈവിധ്യം സംരക്ഷിക്കാൻ മീൻപിടിത്തത്തിന് ശാസ്ത്രീയമായ നിയന്ത്രണം അത്യാവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംരക്ഷിത മേഖലകൾ രൂപവത്കരിക്കണം. മലയാളിയായ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ചെന്നൈ കേന്ദ്രം സീനിയർ സയിന്റിസ്റ്റ് ഡോ. ബിനീഷ് കിണറ്റുംകര ഉൾപ്പെടെ ലോകമെമ്പാടുമുള്ള 322 ഗവേഷകർ ചേർന്നാണ് അവലോകനം നടത്തിയത്. ഇതിനായി 17 വർക്ഷോപ്പുകൾ സംഘടിപ്പിച്ചു.
ബോധവത്കരണം ആവശ്യം
കേരളംപോലുള്ള സംസ്ഥാനങ്ങളിൽ സ്രാവുകളുടെയും മറ്റും ഉപഭോഗം വളരെ കൂടുതലാണ്. സംരക്ഷണം ആവശ്യമുള്ള ഇനങ്ങളെ പിടിക്കുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കാൻ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണം. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി തടയണം.
ഡോ. ബിനീഷ് കിണറ്റുംകര
(സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ചെന്നൈ കേന്ദ്രം സീനിയർ സയിന്റിസ്റ്റ്)