മലയാളികളുടെ മനസിലെ ‘ജോൺ ഹോനായി’ ഒരിക്കലും മായില്ല, അതുപോലെ റിസബാവയും. ഇനി ഒരിക്കലും മറ്റൊരു നടന് ജോൺ ഹോനായിയെ അഭിനയിച്ചു ഫലിപ്പിക്കാനാവില്ല. അത്രയ്ക്കായിരുന്നു സുന്ദരനായ ആ വില്ലൻ കഥാപാത്രത്തിന്റെ സവിശേഷത. അവസാനം വരെ എന്റെ സുഹൃത്ത് സിനിമയെയും നാടകത്തെയും സ്നേഹിച്ചു.
റിസബാവയുടെ ബ്രേക്കിങ് ‘ഇൻ ഹരിഹർ നഗർ’ സിനിമ ആണ്. അതിനുംമുമ്പ് നാടക നടൻ എന്ന നിലയിൽ അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. ‘സ്വാതിതിരുനാൾ’ നാടകത്തിൽ സ്വാതി തിരുനാളിന്റെ വേഷമണിയാൻ ലഭിച്ച അവസരമാണ് റിസബാവയെ സിനിമയിൽ എത്തിച്ചത്. അതുവരെ ആ നാടകത്തിൽ സ്വാതിതിരുനാളായി അഭിനയിച്ചിരുന്ന സായ്കുമാർ ‘റാം ജിറാവു സ്പീക്കിങ്’ സിനിമയിൽ അഭിനയിക്കാൻ പോയതോടെയാണ് റിസബാവയെ അവസരം തേടിയെത്തിയത്. സായ്കുമാറിനെ പോലെ റിസബാവയും സമർഥമായി സ്വാതിതിരുനാളിനെ അവതരിപ്പിച്ചു.
‘ഇൻ ഹരിഹർ നഗറി’ലെ ജോൺ ഹോനായിയിലൂടെ മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്തൊരു വില്ലൻ പരിവേഷം ആണ് റിസബാവ സമ്മാനിച്ചത്. സിനിമ സൂപ്പർ ഹിറ്റായപ്പോൾ നായകനെപോലെ വില്ലനേയും പ്രേക്ഷകർ സ്വീകരിച്ചു. മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും റിസബാവയെയാണ് ജോൺ ഹോനായിയാകാൻ നിശ്ചയിച്ചത്. എന്നാൽ ഏതോ കാരണത്താൽ അദ്ദേഹം പോയില്ല.
തമിഴിൽ അതേ വേഷംചെയ്ത നെപ്പോളിയൻ ആദ്യസിനിമകൊണ്ടു തന്നെ പ്രേക്ഷകരുടെ മനം കവർന്നു. റിസബാവയുടെ തുടക്കം ഗംഭീരമായിരുന്നു. എന്നാൽ ഉയരങ്ങളിലേക്ക് പോകാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. എന്നാലും സിനിമയിൽ സജീവമായിരുന്നു.
കൊച്ചിയിലെ അദ്ദേഹത്തിന്റെ നാടകട്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങിലും അവിടുത്തെ പല ആഘോഷങ്ങളിലും എന്നെയും പങ്കെടുപ്പിച്ചിരുന്നു. ഞങ്ങൾ തമ്മിൽ അത്രമാത്രം സ്നേഹബന്ധമുണ്ടായിരുന്നു.















