കൊച്ചി: സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് മതസൗദ്ദം തകര്‍ക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമൂഹിക ഇഴയടുപ്പം തകര്‍ക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ പറയുന്നു. അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യര്‍ത്ഥനയോടെയാണ് കത്ത് നൽകിയിരിക്കുന്നത്.
ചേരിതിരിവ്, മതസ്പര്‍ധ, അവിശ്വാസം എന്നിവ വലിയ തോതിൽ മതവിശ്വാസികൾക്കിടയിൽ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളായ വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയവ ചിലര്‍ ദുരുപയോഗം ചെയ്യുകയാണ്. വര്‍ഗീയ വിഷം ചീറ്റുന്ന അത്തരക്കാര്‍ ഫേക്ക് ഐഡികളിലൂടെ ആസൂത്രിതമായി കേരളത്തിലെ മത മൈത്രി തകര്‍ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പോലീസ് ഗൗരവത്തോടെ വിശയം അന്വേഷിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.