ഐപിഎൽ 14-ാം സീസൺ സെപ്റ്റംബർ 19ന് പുനരാരംഭിക്കുമ്പോൾ കെ.എൽ രാഹുൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. കഴിഞ്ഞ മൂന്ന് സീസണുകളിലായി 50 -ലേറെ റൺസിന്റെ ആവറേജ് നിലനിർത്തുന്ന രാഹുലിന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും കാണാൻ കഴിഞ്ഞിട്ടില്ല എന്നാണ് കരുതുന്നത് എന്നും ഗംഭീർ പറഞ്ഞു.
കോവിഡ് മൂലം നിർത്തിവെച്ച ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 136 സ്‌ട്രൈക് റേറ്റിൽ 331 റൺസാണ് പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായ രാഹുൽ നേടിയിരിക്കുന്നത്. 66 റൺസാണ് ആവറേജ്. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ ശിഖർ ധവാന് താഴെ രണ്ടാം സ്ഥാനത്താണ് രാഹുൽ ഇപ്പോൾ.
“കെ.എൽ രാഹുലിന്റെ ഏറ്റവും മികച്ചത് നമ്മൾ കണ്ടിട്ടില്ല. അതെ, അദ്ദേഹത്തിന് റൺസ് ലഭിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ബാറ്റിംഗിൽ നിന്നും അദ്ദേഹത്തിന് എന്ത് നേടാനാകുമെന്ന് നമ്മൾ ഇതുവരെ കണ്ടിട്ടില്ല,” ഗംഭീർ സ്റ്റാർ സ്പോർട്സ് ഷോയായ ഗെയിം പ്ലാനിൽ പറഞ്ഞു.
“വിരാട് കോഹ്ലിക്ക് ഒരിക്കൽ കളിച്ച പോലൊരു സീസൺ രാഹുലിനും ലഭിക്കും. വൈറ്റ് ബോൾ ക്രിക്കറ്റിലെ അത്തരത്തിൽ ഉള്ള ഒരു കളിക്കാരനാണ് അദ്ദേഹം, മികച്ച സ്ട്രൈക്ക് റേറ്റും ഒരു സീസണിൽ 2-3 സെഞ്ച്വറികളും നേടാനാകും,” ഗംഭീർ പറഞ്ഞു.
Also read: ഫോമില്‍ തിരിച്ചെത്തണം; രഹാനയ്ക്ക് മുന്നറിയിപ്പുമായി സേവാഗ്
യുഎയിലെ സാഹചര്യം ഏറ്റവും കൂടുതൽ അനുകൂലമാകുക മുംബൈ ഇന്ത്യൻസിനാണെന്നും ഗംഭീർ പറഞ്ഞു. ബോളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും നേട്ടമുണ്ടാകും. പന്ത് നന്നായി ബാറ്റിലേക്ക് വരും എന്നത് കൊണ്ട് തന്നെ രോഹിത് ശർമ്മ, ഹർദിക് പാണ്ഡ്യ തുടങ്ങിയ ബാറ്റ്‌സ്മാന്മാർ നന്നായി കളിക്കുമെന്നും ഗംഭീർ പറഞ്ഞു.
The post കെ.എൽ രാഹുലിന്റെ മികച്ച പ്രകടനം നമ്മൾ ഇനിയും കണ്ടിട്ടില്ല: ഗൗതം ഗംഭീർ appeared first on Indian Express Malayalam.