ചങ്ങനാശ്ശേരി> പായിപ്പാട് നാലുകോടിയില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്തു.നാലുകോടി കൊല്ലാപുരം ഗവണ്മെന്റ് എല്‍ പി സ്ക്കൂളിന് സമീപം കല്ലൂപ്പറമ്പില്‍ പത്രോസിന്റെ വീട്ടുമുറ്റത്താണ് ആറടിയോളം ഉയരത്തില്‍ കഞ്ചാവ് ചെടിവളര്‍ന്ന് നില്ക്കുന്നതായി കണ്ടെത്തിയത്. ജില്ലാപോലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധസംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
കഞ്ചാവ് ചെടിയാണെന്ന് സംശയം തോന്നിയതോടെ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി, എം എം ജോസിന്റെ നേതൃത്വത്തില്‍ തൃക്കൊടിത്താനം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇ അജീബ്, എസ് ഐ അഖില്‍ ദേവ്, തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടി തന്നെയാണെന്ന് ഉറപ്പിച്ചു. കൂടുതല്‍ പരിശോധനയ്ക്കും മറ്റുമായി ചെടി ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
വീട്ടുവളപ്പില്‍ ചെടി കാണപ്പെട്ടതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.മൂന്നു ദിവസം മുന്‍പ് തിരുവഞ്ചൂരിലെ ഒരു വീട്ടുവളപ്പില്‍ നിന്ന് രണ്ടടി ഉയരമുള്ള ചെടി ലഹരി വിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ചെടി വളര്‍ത്തുന്നത് 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ ആര് അജയകുമാര്‍, എസ് അരുണ്‍, പി എം ഷിബു, എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.