കൊച്ചി: മകൾക്ക് വൃക്ക നൽകാൻ ഈ മാതാവ് തയ്യാറാണ്. പക്ഷേ, പണമാണ് പ്രശ്നം. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് പതിനേഴുകാരിയായ മകൾ ഫർസാനയുടെ ജീവൻ രക്ഷിക്കാൻ ഫൗസിയ സഹായം തേടുന്നത്. രണ്ട് വൃക്കകളും തകരാറിലായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഫർസാന. കരളിനും പ്രശ്നങ്ങളുണ്ട്. ജന്മനാ കാഴ്ചയില്ലാത്ത ഫർസാന, മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ്. പക്ഷേ, പരിമിതികൾക്കുള്ളിൽ നിന്നുതന്നെ സ്വന്തമായി കാര്യങ്ങളെല്ലാം ചെയ്യാൻ ഫർസാന ശ്രമിച്ചിരുന്നു. ചേരാനല്ലൂരിലെ വാടകവീട്ടിൽ നിന്ന് പഠനത്തിനായാണ് കീഴ്മാട് അന്ധവിദ്യാലത്തിൽ ഏതാനും വർഷം മുമ്പ് എത്തിയത്.
കോവിഡിന് മുമ്പുവരെ കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ കടന്നുപോയി. മൂന്നുമാസം മുമ്പാണ് കോവിഡ് ബാധിക്കുന്നത്. അതിനു ശേഷമാണ് മറ്റ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നത്. എറണാകുളത്തെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് വൃക്കകൾക്കും കരളിനും തകരാർ കണ്ടെത്തിയത്. ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തണം. വൃക്ക മാറ്റിവെച്ചാൽ രക്ഷപ്പെടുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. പക്ഷേ, പുറത്തുനിന്ന് വാങ്ങേണ്ട മരുന്നുകൾക്കോ ടെസ്റ്റുകൾക്കോ പോലും പണമില്ലാത്ത കുടുംബത്തിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്.
പെയിന്റിങ് തൊഴിലാളിയായ പിതാവ് നൗഷാദിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഇവർ കഴിയുന്നത്. വാടകപോലും കൊടുക്കാൻ വഴിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഫൗസിയയുടെ വൃക്ക യോജിക്കുമോ എന്ന പരിശോധന നടത്താൻ ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. പക്ഷേ, വൃക്ക മാറ്റിവെച്ചതിന് ശേഷം തനിക്കും വിശ്രമം വേണ്ടിവന്നാൽ ഭിന്നശേഷിക്കാരിയായ മകളെ ആര് നോക്കുമെന്ന നിസ്സഹായതയിലാണ് ഇവർ.
ഭിന്നശേഷി സർട്ടിഫിക്കറ്റ് പുതുക്കാനായില്ല
ഭിന്നശേഷി വിഭാഗത്തിൽ പെൻഷൻപോലും ഇതുവരെ ഫർസാനയ്ക്ക് ലഭിച്ചിട്ടില്ല. ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആനുകൂല്യങ്ങൾ ലഭിക്കും. 2015-ൽ ഫർസാനയ്ക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 2018-ൽ കാലാവധി തീർന്നു. റേഷൻ കാർഡ് അടക്കമുള്ള രേഖകൾ ഇല്ലാത്തതിനാൽ സാങ്കേതിക പ്രശ്നങ്ങളിൽപ്പെട്ട് കാർഡ് പുതുക്കാൻ കഴിഞ്ഞിട്ടില്ല. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനായ സക്ഷമ സഹായം നൽകിയെങ്കിലും കാരുണ്യമുള്ളവരുടെ കൂടുതൽ സഹായം ലഭിച്ചാലേ ഫാർസാനയെ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന് സക്ഷമ ജില്ലാ സെക്രട്ടറി പ്രദീപ പറയുന്നു.
ഫർസാനയ്ക്ക് സഹായമെത്തിക്കാൻ
ഗൂഗിൾ പേ- 9947952863
യൂക്കോ ബാങ്ക് അക്കൗണ്ട് നമ്പർ -04310110012307
എ.എഫ്.എസ്. കോഡ്-UCBA 0000431