കൊച്ചി: കിറ്റക്സ് കമ്പനിക്കെതിരെ എം.എൽ.എമാർ. കിറ്റക്സിൽ വിവിധ വകുപ്പുകൾ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയെന്നാണ് എം.എൽ.എമാരുടെ ആരോപണം. തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് എട്ടോളം ക്രമക്കേടുകൾ നടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും സി.എസ്.ആർ. ഫണ്ട് ട്വന്റി-20യുടെ രാഷ്ട്രീയ പ്രവർത്തനത്തിനായി വിനിയോഗിച്ചെന്നും എം.എൽ.എമാർ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട്വിശദമായ റിപ്പോർട്ട് നൽകാമെന്ന് കളക്ടർ ഉറപ്പുനൽകിയതായും പി.ടി. തോമസ് എം.എൽ.എ. പറഞ്ഞു.
ഭൂരിഭാഗം ഡിപ്പാർട്ടുമെന്റുകളും ഞങ്ങൾക്ക് നൽകിയ മറുപടി ഈ കമ്പനി നിയമവിധേയമായിട്ടല്ല പ്രവർത്തിക്കുന്നത് എന്നാണ്- പി.ടി. തോമസ് പറഞ്ഞു. സി.എസ്.ആർ. ഫണ്ട് ട്വന്റി-20 എന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് ചിലവഴിച്ചതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെ നല്ല നിലയിലാണ് ഇക്കാര്യത്തിൽ കളക്ടർ ഇടപെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചുനാളുകളായി വിവിധ വകുപ്പുകൾ കിറ്റക്സുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയിരുന്നു. ഇത്തരത്തിൽ 13-ഓളം പരിശോധനകൾ കിറ്റക്സ് കമ്പനിയുടെ വിവിധ ഓഫീസുകളിൽ നടന്നു. കഴിഞ്ഞ ജില്ലാ വികസന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് എം.എൽ.എമാരായ പി.ടി. തോമസ്, പി.വി. ശ്രീനിജൻ, എൽദോസ് കുന്നപ്പിള്ളി അടക്കമുള്ളവർ ചില പരാതികൾ ഉന്നയിച്ചിരുന്നു.
പരിശോധനാ റിപ്പോർട്ടുകൾ സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി പുറത്തുവരുന്നില്ല തുടങ്ങിയ കാര്യങ്ങളായിരുന്നു ആ യോഗത്തിൽ ഉയർന്നത്. തുടർന്നാണ് എറണാകുളം ജില്ലാ കളക്ടർ ഇന്ന് മൂന്ന് എം.എൽ.എമാരെയും കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുകയും ചെയ്തത്. തൊഴിൽ, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ് തുടങ്ങിയിടങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനു ശേഷം എം.എൽ.എമാർ വാർത്താസമ്മേളനം നടത്തി. ഈ വാർത്താസമ്മേളനത്തിലാണ് കിറ്റക്സുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ നടന്നെന്ന റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചതായി മാധ്യമങ്ങളോടു പ്രതികരിച്ചത്.