ഓൻക് കൊർച്ച് ധൈര്യം കൂടുതലാ. ആരെങ്കിലും എന്തെങ്കിലും ചെയ്യേണ്ട എന്ന് പറഞ്ഞാൽ അത് ഓന് ചെയ്യും, പോകേണ്ട എന്ന് പറഞ്ഞാ ഓന് പോകും, ഓന് ഒറ്റയാനാ, ഓനിക്ക് കടലിനെ അറിയാ
കാസർഗോഡ് ജനറൽ ആശുപത്രി കിടക്കിയിൽ കൂട്ടുകാർക്കൊപ്പമിരിക്കുന്ന് ചിരിക്കുന്ന ബബീഷിനെ നോക്കി അനിയൻ ബനീഷ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് കാസർകോഡ് കീഴൂർ തീരത്ത് തോണി അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച കടലിൽ പോയ തോണി തിരികെ വരുമ്പോഴാണ് അപകടമുണ്ടാകുന്നത്. അമീർ മുഹമ്മദ് നാലപ്പാടിന്റെ തോണിയിൽ കടലിലേക്ക് പോയ മുഹമ്മദ് അജ്മൽ, കെപി അഷറഫ്, മുനവർ എന്നിവരാണ് അപകടത്തിൽ പെട്ടത്. തോണിയിൽ ഇന്ധനം തീർന്നതിനെ തുടർന്ന് കരയ്ക്ക് കയറ്റാൻ സാധിക്കാതെ വരികയും തോണി മറിയുകയുമായിരുന്നു.
തോണി മുങ്ങിത്തുടങ്ങിയപ്പോൾ തോണിയിലുണ്ടായിരുന്ന മൂന്ന് പേരും കടലിലേക്ക് എടുത്ത് ചാടി. എന്നാൽ കരയിലേക്ക് നീന്താനാവാതെ മുങ്ങിത്താഴുമ്പോഴാണ് ഒന്നും നോക്കാതെ ബബീഷ് കടലിലേക്ക് എടുത്ത് ചാടുന്നത്.
ബബീഷ്
തളർന്നവശനായ അജ്മൽ ബോധരഹിതനായിരുന്നു. മറ്റു രണ്ടു പേരും ക്ഷീണിതരായി കാലിട്ടടിക്കുകയായിരുന്നു. അജ്മലിനെ മുങ്ങിപ്പോകാതിരിക്കാൻ വേണ്ടി ബബീഷ് കൈയിലുള്ള കന്നാസിൽ കയറ് കൊണ്ട് കെട്ടിയിട്ടു. അഷറഫിനെയും മുനവറിനേയും തോളോട് തോൾ ചേർത്ത് നിർത്തി തിരകൾ താണ്ടി തീത്തെത്തുമ്പോഴേക്കും ബബീഷ് ഉപ്പുവെള്ളം ഛർദ്ദിക്കുകയായിരുന്നു.
തോണിയും വലയുമൊക്കെ ഇനിയും ഉണ്ടാക്കാ, ആളെ ജീവനോടെ കിട്ടിയാൽ മതി
കരയിൽ ക്ഷീണിച്ചവശനായി കിടക്കുമ്പോഴും ബബീഷ് പറഞ്ഞു.
തോണി മറിഞ്ഞ സ്ഥലത്ത് എത്ര വലിയ നീന്തൽക്കാരനായാലും പോകാൻ പറ്റില്ല. അത്രയ്ക്കും പ്രയാസമേറിയ സ്ഥലമാണ്. ഓക്സിജൻ ഇട്ട് പോലും പോകാൻ പറ്റാത്തിടത്താണ് ബബീഷ് ഇറങ്ങി പോയതെന്ന് സഹോദരൻ ബനീഷ് പറയുന്നു.
ജൂലൈ നാലിന് മൂന്നു പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ നാല് പേരുടെ ജീവൻ രക്ഷിച്ചത് ബനീഷായിരുന്നു.
ആശുപത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം ബബീഷ്
തൃക്കനാട് കുളത്തിൽ ഒരാൾ മുങ്ങി മരിച്ചപ്പോൾ ഫയർഫോഴ്സിന് പോലും മൃതദേഹമെടുക്കാൻ സാധിക്കാത്തപ്പോൾ ബബീഷായിരുന്നു അവിടെ ചെന്ന് മൃതദേഹം കരക്കെടുത്തത്. ഇതിന് മുമ്പ് കടലിൽ തോണി അപകടത്തിൽ പെട്ടപ്പോൾ കരയിൽ നിന്ന് ഒറ്റയ്ക്ക് തോണിയെടുത്ത് പോയി രക്ഷാപ്രവർത്തനം തടത്തിയതും ബബീഷാണ്.
എല്ലായിടത്തേക്കും ഓന് ഒറ്റക്കാണ് പോകുന്നത്. കടലിലേക്ക് പോകുന്നുണ്ടെങ്കിലും ഒറ്റക്ക് പോകാനാ ഓനിക്ക്ഇഷ്ടം. ഓന് ഇതന്നെ പണി, 24 മണിക്കൂറും കടലിൽ തന്നെ. കരയിലേക്കടുക്കുമ്പോൾ കടല് കൂടിയാലും അത് ഓനിക്കറിയാം. മനക്കരുത്തോടെത്തന്നെ ഓന് തോണി കരക്കടുപ്പിക്കും.
ഒരു ഹാർബറുണ്ടായിരുന്നേൽ ഇത്രയുജീവൻ നഷ്ടപ്പെടുമായിരുന്നോ?
രക്ഷാപ്രവർത്തനത്തിനായി
കടലിലേക്ക്
നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണം കാസർകോട്ഒരു ഹാർബർ ഇല്ല എന്നതാണ്. നിലവിൽ മഞ്ചേശ്വരത്താണ് ഹാർബറുള്ളത്. എന്നാൽ മതിയായ സൗകര്യങ്ങൾ മഞ്ചേശ്വരത്തെ ഹാർബറിലും ഇല്ല. പുഴയിലേക്ക് കുറച്ച് കല്ലുകൾ മാത്രമിട്ടു കൊടുക്കുകയാണ് മഞ്ചേശ്വരത്തെ ഹാർബറിൽ ചെയ്തിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
എങ്ങാനും കാലാവസ്ഥമോശമായാൽ മഞ്ചേശ്വരം ഹാർബറിലേക്കാണ് തോണി കയറ്റേണ്ടി വരുന്നത്. പലപ്പോഴും ഇത്രയും ദൂരത്തിൽ പോകാനുള്ള ഇന്ധനം തോണിയിൽ ഉണ്ടാകാറില്ല. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു.
കാസർകോഡ് ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് അവഗണന മാത്രമാണ് സർക്കാർ നൽകുന്നത്. മറ്റുള്ള ജില്ലകളിലൊക്കെ രണ്ടോ മൂന്നോ ഹാർബറുകളുണ്ട്. കാസർകോഡിന് അക്കാര്യത്തിലും അവഗണനയാണ്.
ഒരു ഹാർബറുണ്ടായിരുന്നേ ഇത്രേം ജീവൻ നഷ്ടപ്പെടുമായിരുന്നോ? ഹാർബർ ഉണ്ടായാൽ തന്നെ ഇവിടെ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾ കുറക്കാൻ പറ്റും. ആൾക്കാർ മരിക്കില്ല. അതാണ് വേണ്ടത്. രക്ഷാപ്രവർത്തിന് ആളുകളെ തന്നെ വേണ്ട. ഹാർബർ ഉണ്ടായാൽ എല്ലാം സ്വയം തന്നെ ആളുകൾക്ക് ചെയ്യാൻ സാധിക്കും.
അപകട സമയത്ത് പത്രം വായിക്കുന്ന പോലീസുകാർ
തോണി മറിഞ്ഞ് അപകടമുണ്ടായപ്പോൾ കോസ്റ്റൽ പോലീസ് രക്ഷാപ്രവർത്തനത്തിനെത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാൽ കോസ്റ്റൽ പോലീസിന്റെപക്കലുണ്ടായിരുന്ന ബോട്ടിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടായിരുന്നില്ല. എണ്ണയടിച്ച വകയിലുള്ള കുടിശ്ശിക പമ്പുടമയ്ക്ക് നൽകാത്തതിനാലാണ് ബോട്ടിനുള്ള ഇന്ധനം മുടങ്ങിയത്.
അപകടത്തിൽ പെട്ടവരേയും കൊണ്ട് കരയിലേക്ക്
ഒരുലക്ഷത്തിലധികം രൂപ കുടിശ്ശിക വന്നതിനാൽ പമ്പിൽനിന്ന് എണ്ണ നൽകാതെയായി. ബില്ല് പാസാക്കേണ്ടത് കാസർകോട് ജില്ലാ പോലീസ് കാര്യാലയത്തിൽനിന്നാണ്. തീരദേശ പോലീസ് പലതവണയായി റിപ്പോർട്ട് നൽകിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. നിലവിൽ ബോട്ടിന് 50 ലിറ്ററിൽ താഴെയായിരുന്നു എണ്ണയുണ്ടായിരുന്നത്. ഇതുപയോഗിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങാൻ പോലീസിന് സാധിച്ചിരുന്നില്ല.
കോസ്റ്റൽ പോലീസിനെതിരെ പല കോണിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കോസ്റ്റൽ പോലീസിന്റെ പക്കൽ സ്പീഡ് ബോട്ടൊക്കെ ഉണ്ടെങ്കിലും അതുമായി അവർ കടലിലേക്ക് വരുന്നില്ല എന്നാണ് ആക്ഷേപം. വെറുതെ പുഴയിൽ തന്നെ കറങ്ങിക്കളിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും ഇതുവരെ അവർ കടലിൽ പോയിട്ടേ ഇല്ല എന്നും ആക്ഷേപമുയരുന്നുണ്ട്.
തോണി മറിഞ്ഞ സമയത്ത് പത്രം വായിക്കുകയായിരുന്നു പോലീസ്. ഒരുപാട് പ്രാവശ്യം വിളിച്ച് പറഞ്ഞിട്ടും പോലീസ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയില്ല. ഒരു കൂസലുമില്ലാത്ത പോലെയാണ് പോലീസിന്റെ പ്രതികരണം. നേരത്തെ മൂന്ന് തോണി മറിഞ്ഞുണ്ടായ അപകടത്തിലും ഇത്തരത്തിൽ പോലീസ് നിസ്സംഗത പാലിച്ചിരുന്നു. പോലീസിന് സാധിക്കുന്നില്ലെങ്കിൽ തീരത്തെ ആൾക്കാർ തന്നെ ബോട്ടിൽ രക്ഷാപ്രവർത്തനം നടത്തട്ടെ.
ബേക്കൽ കുറിച്ചിക്കുന്ന് നിരോഷ നിലയത്തിൽ മത്സ്യത്തൊഴിലാളിയായ എ. ബാലകൃഷ്ണന്റെയും എം. വിമലയുടെയും മകനാണ് ബബീഷ്. അഞ്ചാംതരത്തിൽ പഠനം നിർത്തി പിതാവിനൊപ്പം മീൻപിടിക്കാൻ കടലിലിറങ്ങിയ ഈ 29-കാരന് ഇപ്പോൾ കടലും തീരവും ഒരുപോലെ പരിചിതമാണ്.
നിലവിൽ ബബീഷും അനിയൻ ബനീഷും സഞ്ചാര കേന്ദ്രമായ പള്ളിക്കര ബീച്ചിൽ സ്പീഡ് ബോട്ട് ഓടിക്കുകയാണ്.
എൻഡിആർഎഫ് ട്രെയിനിങ്ങിനായി ഗോവയിലേക്ക്
എൻഡിആർഎഫ് ട്രെയിനിങ്ങിന് വേണ്ടി ഗോവയിലേക്ക് പോകാനിരിക്കുകയാണ് ബബീഷും ബനീഷും. കണ്ണൂരിലുണ്ടായ ടെസ്റ്റിൽ ഇരുവരും പാസായിരുന്നു. 100 മീറ്റർ നീന്താൻ വേണ്ടി ബബീഷ് എടുത്തത് വെറും 33 സെക്കന്റായിരുന്നു എന്ന് അനിയൻ ബനീഷ് പറയുന്നു. ബാക്കിയുള്ളവർ മൂന്നു മിനിറ്റൊക്കെ എടുത്തപ്പോയിരുന്നു ബബീഷിന്റെ ഈ നേട്ടമെന്നും അനിയൻ പറയുന്നു.
ബബീഷിനെ തേടി മന്ത്രിയുടെ വിളി
രക്ഷാപ്രവർത്തനത്തിന് പിന്നാലെ ബബീഷിനെ തേടി ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ വിളിയുമെത്തി. കാസർകോഡ് വരുമ്പോൾ നേരിട്ട് കാണാമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ കാസർകോഡ് ജനറൽ ആശുപത്രിയിലാണ് ഇവർ. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
Content Highlights: Babeesh saves three fishermen from choppy sea