തിരുവനന്തപുരം
ദീർഘദൂര ട്രെയിനിൽ സ്ത്രീ യാത്രക്കാരെ മയക്കി കൊള്ളയടിച്ച സംഭവം വിരൽചൂണ്ടുന്നത് റെയിൽവേയുടെ സുരക്ഷാ അലംഭാവത്തിലേക്ക്. റിസർവ്ഡ് കംപാർട്മെന്റിലാണ് മൂന്ന് യാത്രക്കാരികളെ കൊള്ളയടിച്ചത്. ട്രെയിൻ തിരുവനന്തപുരം സ്റ്റേഷനിലെത്തുംവരെ കുറ്റകൃത്യം റെയിൽവേയുടെ ശ്രദ്ധയിൽ വന്നില്ലെന്നത് സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്യുന്നതാണ്. യാത്രക്കാരികൾ തിരുവനന്തപുരത്ത് ഇറങ്ങാത്തതിനെ തുടർന്ന് റെയിൽവെ പൊലീസ് വിളിച്ചുണർത്തുകയായിരുന്നു.
ട്രെയിനിലെ സുരക്ഷയുടെ കാര്യം പല ഘട്ടങ്ങളിലും കേരളം ചർച്ച ചെയ്തിട്ടുണ്ട്. സൗമ്യ വധത്തിനുശേഷം ഇതേക്കുറിച്ച് സജീവമായ ചർച്ച നടന്നു. തുടർന്ന് സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതാണ്. എന്നാൽ, റെയിൽവേ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്ഥിരം കുറ്റവാളികൾ അടക്കമുള്ളവർ ദീർഘദൂര ട്രെയിനുകളിൽ യഥേഷ്ടം വിഹരിക്കുന്നത്.
നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലാണ് വനിതാ യാത്രക്കാരായ ആഗ്രയിൽ താമസിക്കുന്ന തിരുവല്ല സ്വദേശിനിയായ വിജയലക്ഷ്മി (45), മകൾ അഞ്ജലി (21), കോയമ്പത്തൂർ സ്വദേശി കൗസല്യ (23) എന്നിവരെ മയക്കി കൊള്ളയടിച്ചത്. കൊള്ളയ്ക്കു പിന്നിൽ പൊലീസ് സംശയിക്കുന്നത് ട്രെയിനിലെ സ്ഥിരം കുറ്റവാളി അസ്ഗർ ബഗ്ഷയെയാണ്. ഇയാൾ കൊള്ള നടന്ന കോച്ചിലുണ്ടായിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ട്രെയിനുകളിൽ ഇത്തരം സംഘം ഇപ്പോഴും വിലസുന്നതായാണ് സംഭവം വ്യക്തമാക്കുന്നത്.