കടയ്ക്കൽ > നോട്ടുനിരോധനത്തിൽ പ്രതിഷേധിച്ച് മുടിയും മീശയും പാതികളഞ്ഞു, പൊലീസിന്റെ തെറ്റായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് മുണ്ട് ഉപേക്ഷിച്ച് വേഷം മാക്സിയാക്കി. പ്രതിഷേധങ്ങളിലെ വ്യത്യസ്തതയും നിശ്ചയദാർഢ്യവും വേറിട്ടതാക്കിയ കുമ്മിൾ മുക്കുന്നം ആർഎംഎസ് തട്ടുകട ഉടമ പുതുക്കോട് റുക്സാന മൻസിലിൽ യഹിയ (80) അന്തരിച്ചു.
ദേശീയ മാധ്യമങ്ങളുടെ അടക്കം ശ്രദ്ധയാകർഷിച്ച യഹിയയുടെ സമരജീവിതം ഇങ്ങനെ: കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചപ്പോൾ കൈയിലുണ്ടായിരുന്ന 23,000 രൂപ മാറ്റിയെടുക്കാൻ ബാങ്കിൽ വരിനിൽക്കവെ, ഷുഗർ കുറഞ്ഞ് വീണതോടെ നോട്ടുമാറിയെടുക്കൽ ഉപേക്ഷിച്ചു. പ്രധാനമന്ത്രിയുടെ തുഗ്ലക് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് നോട്ടുകൾ കത്തിച്ച്, മീശയും മുടിയും പാതി കളഞ്ഞ യഹിയ പ്രധാനമന്ത്രി രാജിവയ്ക്കുംവരെ ഇതായിരിക്കും രൂപമെന്നും പ്രഖ്യാപിച്ചു. മരണംവരെയും ഇതായിരുന്നു സ്ഥിതി.
തന്റെ വേഷമായ മാക്സിക്കു പിന്നിലും പ്രതിഷേധത്തിന്റെ ചൂടുണ്ട്. തട്ടുകടയ്ക്കു മുന്നിലെത്തിയ പൊലീസ് ഇൻസ്പെക്ടർ, മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് യഹിയയുടെ മുഖത്തടിച്ചു. ഇനി ആരെയും മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിക്കില്ലെന്നു തീരുമാനിച്ച യഹിയ വേഷം മാക്സിയാക്കി. ഈ തീരുമാനത്തിൽനിന്നും യഹിയ മാറിയില്ല. പണമില്ലാതെ കടയിലെത്തുന്നവരെ അന്നമൂട്ടിയും യഹിയ വേറിട്ടവനായി.
മാധ്യമപ്രവർത്തകനായ സനു കുമ്മിൾ യഹിയയുടെ ജീവിതസമരം ‘ഒരു ചായക്കടക്കാരന്റെ മൻ കി ബാത്’ എന്നപേരിൽ ഡോക്യുമെന്ററി ആക്കിയിരുന്നു. ഇടയ്ക്ക് വിദേശത്തും പോയി. ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കലായിരുന്നു ജോലി. തുടർന്ന് തിരിച്ചുപോന്നു. സിപിഐ എമ്മിനെ ജീവനുതുല്യം സ്നേഹിച്ച യഹിയ കിടപ്പിലാകും വരെ പാർടി പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു. സ്വന്തം തീരുമാനങ്ങളിൽ തിരുത്തൽ വരുത്താൻ തയ്യാറാകാത്ത യഹിയ പ്രദേശത്തെ മുതിർന്ന സിപിഐ എം നേതാക്കളായ സി ഷൺമുഖൻ, എം യൂനുസ് എന്നിവരുടെ നിർദേശങ്ങൾക്കു മുന്നിലേ വിധേയപ്പെട്ടിട്ടുള്ളൂ.
ഒരു വർഷത്തിലേറെയായി ശാരീരിക അവശതകൾ മൂലം കിടപ്പിലായിരുന്ന യഹിയയെ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയത്ത് ആരും അടുത്തില്ലായിരുന്നതിനാൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊല്ലം ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: പരേതയായ സുഹ്റാബീവി. മക്കൾ: സബീന, സീന. മരുമക്കൾ: സലീം, സദീർ.